'പാലം വന്നു, ബസുകൾ വന്നു. എന്നിട്ടും....'; മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത് 

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് അന്നാ ബെൻ
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


വൈപ്പിൻ: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് അന്നാ ബെൻ. വൈപ്പിൻ ബസുകളുടെ നഗരപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത്. കഴിഞ്ഞ 18 വർഷമായി വൈപ്പിൻ ബസുകൾ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടുന്ന ദുരവസ്ഥയിലാണ് എന്നാണ് അന്നാ ബെൻ കത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. 

സെയ്ന്റ് തെരേസാസിൽ വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് താൻ അനുഭവിച്ചിരുന്നതാണ്.  പാലം വന്നു, ബസുകൾ വന്നു. എന്നിട്ടും വൈപ്പിൻ കരയെ ഇന്ന് നഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കുകയാണ്. ജില്ലയുടെ മറ്റ് ഭാ​ഗങ്ങളിൽ നിന്നും നഗരത്തിലേക്ക് ബസുകൾ വന്നിട്ടും വൈപ്പിൻ ബസുകൾക്കു മാത്രമാണ് ഹൈക്കോടതി വരെ മാത്രം പ്രവേശനം പരിമിതപ്പെടുത്തുന്നത്. 

ഹൈക്കോടതി ജങ്ഷനിൽ എത്തി ന​ഗരത്തിലെ മറ്റിടങ്ങളിലേക്ക് പോകാൻ മറ്റ് ബസുകൾ പിടിക്കണം എന്നതിനാൽ സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഇതു കൊണ്ടുള്ള അധികച്ചെലവ് താങ്ങാനാവാത്തതാണ്. ബസുകളുടെ നഗരപ്രവേശനത്തിനായി വൈപ്പിൻ നിവാസികൾ നിരന്തര സമരത്തിലാണ്. വൈപ്പിൻ ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കണോ എന്ന കാര്യത്തിൽ നാറ്റ്പാക് ഒരു പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് നഗര പ്രവേശനത്തിന് അനുകൂലമാണ് എന്ന് അറിയുന്നതായും അന്നാ ബെൻ കത്തിൽ പറയുന്നു. 

വൈപ്പിൻകാരോടുള്ള അവഗണന ഒരു തുടർക്കഥയായി മാറുകയാണ്. സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ ഉറച്ച തീരുമാനം എടുക്കാൻ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com