'ആരോപണങ്ങള്‍ ഗൗരവമുള്ളത്'; പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 02:54 PM  |  

Last Updated: 26th September 2022 02:54 PM  |   A+A-   |  

monsonmavunkal

മോണ്‍സണ്‍ മാവുങ്കല്‍

 

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്ലിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മോന്‍സണ്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. 

പെണ്‍കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഓഫീസ് ജീവനക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് മോന്‍സണെതിരെ കേസെടുത്തത്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് മോന്‍സണ്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ല്‍ ആയിരുന്നു സംഭവം. ഈ കേസ് ഉള്‍പ്പെടെ മുന്നു പീഡന കേസുകളാണ് മോന്‍സണ് എതിരെയുള്ളത്. 

നേരത്തെ ഹൈക്കോടതി മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മോണ്‍സന്റെ ആരോപണം. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേരള പൊലീസില്‍ സ്വാധീനമുള്ള ഒരു വനിതയാണ് കേസുകള്‍ക്ക് പിന്നിലെന്നും മോന്‍സണ്‍ ആരോപിച്ചിരുന്നു. പോക്‌സോ കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും മോന്‍സണ്‍ കോടതിയില്‍ വാദിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂരിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ ഇന്നും പൊലീസ് റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ