'ഒരു കുടുംബത്തെ രക്ഷിക്കലാണ് ധര്‍മ്മമെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു'

രാജ്യത്തെ അടുത്ത 25 വര്‍ഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്
അനില്‍ ആന്റണി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനൊപ്പം/ പിടിഐ
അനില്‍ ആന്റണി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനൊപ്പം/ പിടിഐ

ന്യൂഡല്‍ഹി: ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അനില്‍ ആന്റണി. ഒരു കുടുംബത്തെ രക്ഷിക്കലാണ് ധര്‍മ്മമെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. തന്റെ ധര്‍മം രാജ്യത്തെ സേവിക്കലാണ്. ബിജെപി രാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കിയതുകൊണ്ടാണ് തന്റെ ഈ തീരുമാനമെന്നും അനില്‍ ആന്റണി പറഞ്ഞു. 

ധര്‍മ്മോ രക്ഷതി രക്ഷത: എന്ന ഭഗവദ്ഗീത വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണി പ്രസംഗം ആരംഭിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തില്‍ തന്നെ ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഒപ്പം നിന്ന് രാജ്യത്തെ സേവിക്കാനും അവസരം നല്‍കിയ ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നുവെന്ന് അനില്‍ ആന്റണി പറഞ്ഞു. 

രാജ്യത്തെ അടുത്ത 25 വര്‍ഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കാനുള്ള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. ഈ കാഴ്ചപ്പാടും ജനസൗഹൃദപദ്ധതികളും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാനമന്ത്രിയും അമിത് ഷായും നഡ്ഡയും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. പ്രധാനമന്ത്രിയുടെ വീക്ഷണം നിറവേറ്റാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി. 

'കോണ്‍ഗ്രസിനെ താന്‍ വഞ്ചിച്ചിട്ടില്ല'

കോണ്‍ഗ്രസിനെ താന്‍ വഞ്ചിച്ചിട്ടില്ല. കോണ്‍ഗ്രസുകാരാണ് രാഷ്ട്രത്തെ വഞ്ചിക്കുന്നത്. എല്ലാ പാര്‍ട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിയാണ് എകെ ആന്റണി. അതിനാല്‍ തന്റെ തീരുമാനം അദ്ദേഹത്തിന്റെ യശസിനെ ബാധിക്കില്ല. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ല. എല്ലാവരും വ്യത്യസ്തരാണ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എകെ ആന്റണി. അതില്‍ മാറ്റമുണ്ടാകില്ല. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമല്ല തന്റേതെന്നും അനില്‍ ആന്റണി പറഞ്ഞു. 

'ഹൈന്ദവരല്ലാത്തവരെ സ്വീകരിക്കില്ലെന്ന പ്രചാരണത്തിന് മറുപടി'

ഹൈന്ദവരല്ലാത്തവരെ ബിജെപി സ്വീകരിക്കില്ലെന്ന് പ്രചാരണമുണ്ട്. അത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് അനില്‍ ആന്റണിയുടെ ബിജെപി അംഗത്വം, ബിജെപിയുടെ സ്ഥാപക ദിനമാണ് ഇന്ന് ഏറെ സന്തോഷത്തിന്റെ ദിനമാണെന്നും ചടങ്ങില്‍ സംബന്ധിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 

അനില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  ബിബിസി വിഷയത്തില്‍ അനില്‍ ആന്റണി രാജ്യതാത്പര്യത്തിനൊപ്പം നിന്നു. ഇതിന്റെ പേരില്‍ അനില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ അനിലിന് വലിയ പങ്കുവഹിക്കാനാകും. അനില്‍ ആന്റണി മികച്ച സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ബിജെപി ആസ്ഥാനത്തുവെച്ചു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com