ഷാറൂഖിന് കേരളത്തില്‍ നിന്നും സഹായം?; മറ്റൊരു കോച്ചിനു കൂടി തീയിടാന്‍ പദ്ധതിയിട്ടു; കൂട്ടാളികളുണ്ടെന്ന സംശയത്തിൽ പൊലീസ്

ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ഷാറൂഖ് സെയ്ഫി ധരിച്ചിരുന്നത്
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. രണ്ടാം തീയതി പുലര്‍ച്ചെ 4.30 നാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. കണ്ണൂരിലേക്കുള്ള എക്‌സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നും. പകല്‍ ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയെല്ലാം പോയി, ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയവ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്.  

ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷാറൂഖിനൊപ്പം കൂട്ടാളികളും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷൊര്‍ണൂരിലെത്തിയ ഷാറൂഖിന് ഭക്ഷണം എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വേഷിക്കുന്നുണ്ട്. മറ്റൊരു കോച്ചിലേക്ക് കൂടി തീയിടാന്‍ ഷാറൂഖ് പദ്ധതിയിട്ടിരുന്നതായി പൊലീസ് സൂചിപ്പിച്ചു. ഡി1 കോച്ചില്‍ തീയിട്ടു. 

തുടര്‍ന്ന് ഡി 2 കോച്ചിലേക്കും തീയിടാനാണ് രണ്ടു കുപ്പി പെട്രോള്‍ കയ്യില്‍ കരുതിയത്. എന്നാല്‍ ഡി1 കോച്ചില്‍ തീയിട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി പരക്കം പാഞ്ഞതോടെ പദ്ധതി പാളുകയായിരുന്നു. ഇതിനിടെയാണ് ഷാറൂഖിന്റെ ബാഗ് ട്രെയിനില്‍ നിന്നും താഴെ വീഴുന്നതുമെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം താന്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന മൊഴി ഷാറൂഖ് പൊലീസിന് മുന്നില്‍ ആവര്‍ത്തിക്കുകയാണ്. 

ട്രാക്കില്‍ നിന്ന് ലഭിച്ച പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് ഭക്ഷണപാത്രം കണ്ടെത്തിയിരുന്നു. ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വാങ്ങിയതാണെന്നാണ് ഷാറൂഖ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ആരെങ്കിലും വീട്ടിലുണ്ടാക്കി നല്‍കിയ ഭക്ഷണമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.

ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ഷാറൂഖ് സെയ്ഫി ധരിച്ചിരുന്നത്. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കില്‍ വീണു നഷ്ടമായിരുന്നു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട് കണ്ണൂരില്‍ ഷാറൂഖ് എത്തിയത് അര്‍ധരാത്രിയാണ്. പുലര്‍ച്ചെയോടെ മരുസാഗര്‍ എക്‌സ്പ്രസില്‍ കയറിപ്പോവുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഇയാള്‍ക്ക് മാറാനുള്ള വസ്ത്രം എവിടെനിന്നു കിട്ടി എന്നതും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. 

റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കനറാ ബാങ്കിനു മുൻവശത്തെ ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റർ അകലെയുള്ള 
പെട്രോൾ പമ്പിൽ ഷാറൂഖ് സെയ്ഫി എത്തുന്നത്. അതിന് മുൻപ് നാലു ലീറ്റർ ശുദ്ധജലം വാങ്ങി കുപ്പികളിൽ നിന്ന് ഒഴിച്ചുകളഞ്ഞതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പെട്രോൾ പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കരള്‍ സംബന്ധമായ അസുഖത്തിന്റെ തുടര്‍ പരിശോധനയ്ക്കായി ഷാറൂഖ് സെയ്ഫിയെ ഇന്ന് അന്വേഷണ സംഘം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്റോളജി, സര്‍ജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടര്‍ന്നാകും തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com