'കൂട്ടരുതെന്ന് പറയുന്നില്ല, പക്ഷെ ഒരു ന്യായമൊക്കെ വേണ്ടേ'

'എന്തായാലും അദ്ദേഹം ബുദ്ധിമുട്ടിലായപ്പോള്‍ രക്ഷിക്കാന്‍ മറ്റേ അദ്ദേഹം വന്നല്ലോ'
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധന യുക്തിയില്ലാത്തതാണ്. കൂട്ടരുതെന്ന് പ്രതിപക്ഷം പറയുന്നില്ല. പക്ഷെ വര്‍ധനവിനൊക്കെ ഒരു ന്യായം വേണ്ടേ. എത്രശതമാനമാണ് വര്‍ധിക്കുന്നത്. 500 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. അന്യായ വര്‍ധന അംഗീകരിക്കാനാവില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ മത്സരിക്കുകയും ഗവേഷണം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

ബിജെപിയുടെ അരമന സന്ദര്‍ശനം യുഡിഎഫിനെ ബാധിക്കില്ല 

ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശനം പ്രതിപക്ഷത്തിനെ ബാധിക്കില്ല. ഏതെങ്കിലും മതമേലധ്യക്ഷന്മാരുടെ പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല. രാജ്യത്തെ ക്രൈസ്തവസഭകള്‍ എല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ സമരം മതമേലധ്യക്ഷന്മാര്‍ ഓര്‍ക്കണം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നു എന്നു പറഞ്ഞായിരുന്നു സമരം. ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന് പറഞ്ഞത് ആര്‍എസ്എസ് ആണ്. ഇതെല്ലാം യഥാര്‍ത്ഥ ക്രൈസ്തവ മതവിശ്വാസികളുടെ മനസ്സിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

വൈദേകം റിസോര്‍ട്ട് : എല്‍ഡിഎഫ്-ബിജെപി കൊടുക്കല്‍ വാങ്ങല്‍

വൈദേകം റിസോര്‍ട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുന്നത് എല്‍ഡിഎഫ്- ബിജെപി കൊടുക്കല്‍ വാങ്ങലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് കൊടുക്കുന്നു. ഒരു കൊടുക്കല്‍ വാങ്ങല്‍. ഒരു കച്ചവടത്തെപ്പറ്റി നമ്മള്‍ എന്ത് കമന്റു പറയാനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്തായാലും അദ്ദേഹം ബുദ്ധിമുട്ടിലായപ്പോള്‍ രക്ഷിക്കാന്‍ മറ്റേ അദ്ദേഹം വന്നല്ലോ. അതില്‍ സന്തോഷമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റർ ഒട്ടിച്ചതിന് ഇത്ര കോലാഹലം വേണോ?

മന്ത്രി വീണാജോര്‍ജിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. ചര്‍ച്ച് ബില്ലിന്റെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും അതറിയില്ല. അതിന്റെ കണ്ടെന്റ് എന്താണെന്നു പോലും അറിയാത്ത താന്‍, അതിനെക്കുറിച്ച് പ്രതികരിക്കണമെന്ന്ഒരു മന്ത്രി പറഞ്ഞാല്‍, ആ മന്ത്രിയെക്കുറിച്ച് എന്താണ് പറയുകയെന്ന് വി ഡി സതീശന്‍ ചോദിച്ചു. 

ആ മന്ത്രിക്കെതിരെ ആ സമുദായത്തിലെ യുവജനങ്ങള്‍ ആരോ പോസ്റ്റര്‍ ഒട്ടിച്ചു എന്നതിന്റെ പേരില്‍ അത്ര വലിയ കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ. മോശമായ പോസ്റ്റര്‍ ഒന്നുമല്ലല്ലോ ഒട്ടിച്ചത്. ഒരു വിഷയത്തില്‍ മന്ത്രി അഭിപ്രായം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ഈസ്റ്ററിന് തലേദിവസം ഒരാളുടെ വീടു വളഞ്ഞ് പൊലീസുകാര്‍ പരിശോധന നടത്തുന്നു. ഇതെന്ത് പൊലീസ് ഭരണമാണോ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com