ഇസ്തിരി, വാട്ടർ ഹീറ്റർ, പമ്പ് സെറ്റ്; വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കണം; കെഎസ്ഇബി നിർദേശം

വൈദ്യുതി അധികമായി ഉപയോ​ഗിക്കുന്ന ഉകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോ​ഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി
കെഎസ്ഇബി ആസ്ഥാനം
കെഎസ്ഇബി ആസ്ഥാനം

തിരുവനന്തപുരം: വൈദ്യുതി അധികമായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോ​ഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. അന്തരീക്ഷതാപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിന് വേണ്ടിയാണ്  കെഎസ്ഇബി നിർദേശം. 

പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി. 

വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.
മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് കഴിയും. വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.- കെഎസ്ഇബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com