30 വയസിനു മുകളിലുള്ള ഏഴു ലക്ഷം പേർക്ക് ക്യാൻസർ സാധ്യത; വാക്സിനേഷൻ പ്രതിരോധം ഒരുക്കാൻ സർക്കാർ

വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്‌സിനേഷൻ നൽകി  പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍

തിരുവനന്തപുരം; സംസ്ഥാനത്തെ 30 വയസിന് മുകളിൽ ഉള്ളവരിൽ ഏഴു ലക്ഷം പേർക്ക് ക്യാൻസർ ബാധിക്കാൻ സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണ്. സ്ത്രീകളിൽ സർവിക്കൽ കാൻസർ വർധിക്കുന്നതായും മന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്‌സിനേഷൻ നൽകി  പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. 

വയനാട്, ആലപ്പുഴ ജില്ലകളിൽ ഇതിന്റെ  പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചു. ക്യാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  യൂറോ- ബ്രാക്കിതെറാപ്പി യൂണിറ്റ്, ലുട്ടീഷ്യം തെറാപ്പി, ഗാലിയം ജനറേറ്റർ, ഓട്ടോമേറ്റഡ് സെർവി സ്‌കാൻ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും പേഷ്യന്റ്  വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനത്ത് ക്യാൻസർ കെയർ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ബോർഡിന്റെ കൂടി ചർച്ചകളുടെ അടിസ്ഥാനത്തിലാണ്  പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നിർവഹിക്കുക. 14 ജില്ലകളിലും നടപ്പിലാക്കിയ ക്യാൻസർ കെയർ പോളിസിയുടെ അടിസ്ഥാനത്തിൽ കാൻസർ കെയർ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ റോബോട്ടിക് സർജറി സാധ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.  റോബോട്ടിക്‌സ് സർജറി സംവിധാനം സ്ഥാപിക്കുന്നതിന് 30 കോടി രൂപ സംസ്ഥാന സർക്കാർ ആർസിസിക്ക് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്. ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി 2.64 കോടി രൂപയും അംഗീകരിച്ചു. ഗവേഷണ രംഗത്ത് ആർസിസിക്ക് മുന്നോട്ടു പോകാൻ വേണ്ട പിന്തുണ സർക്കാർ നൽകുമെന്നും സംസ്ഥാനത്തിന്  ഗവേഷണ നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

30 വയസ്സിനു മുകളിലുള്ള 1.16 കോടി ആളുകളെ വാർഷിക ആരോഗ്യപരിശനയിലൂടെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചതായും അവരിൽ ഏഴു ലക്ഷത്തിനു മുകളിൽ ആളുകളിൽ ക്യാൻസർ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണ്. സ്ത്രീകളിൽ സർവിക്കൽ കാൻസർ വർധിക്കുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ക്യാൻസർ സംശയിക്കുന്ന മുഴുവനാളുകളെയും രോഗനിർണയം നടത്തി അവർക്ക്   ക്യാൻസർ സ്ഥിരീകരിച്ചാൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത്  ക്യാൻസർ ഡേറ്റ രജിസ്റ്റർ ആരംഭിച്ചത്. രോഗത്തിന് മുന്നിൽ നിസ്സഹായരായവരെ ചേർത്തുപിടിക്കുന്ന നയമാണ് സർക്കാറിനുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com