പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫെയ്‌സ്ബുക്ക്
പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫെയ്‌സ്ബുക്ക്

സര്‍വീസ് രംഗത്ത് മാറ്റം അനിവാര്യം; സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ല: മുഖ്യമന്ത്രി

അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവുമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട അഴിമതി ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ ഒറ്റപ്പെട്ടതെന്ന് കരുതി അവ തള്ളാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹായത്തിനായി ആളുകള്‍ ഓഫീസില്‍ വരുന്നത് ഔദ്യാര്യമായി കാണേണ്ടതില്ല. കാരുണ്യത്തിന് അപേക്ഷിച്ച് വരുന്നവരോടുള്ള മനോഭാവം അല്ല അധികാരികള്‍ അവരോട് കാണിക്കേണ്ടത്. ഔദാര്യവും കാരുണ്യവുമല്ല, അവകാശമാണ് അവര്‍ക്ക് നേടികൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതിയെ കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലാണ് അഴിമതി കുറവെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍ അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നാണ് പേര് വേണ്ടത്. അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒറ്റപ്പെട്ടതാണെങ്കിലും അതും ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ ഓര്‍മപ്പെടുത്തല്‍ വലിയ മാറ്റം ഉണ്ടാക്കി. ജീവനക്കാര്‍ പൊതുവെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ ഫലം പ്രതിഫലിക്കുന്നുണ്ട്. ഫയല്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നല്ല പ്രയത്നമാണ് ഉണ്ടായത്. ഫയലുകളുടെ വേഗത വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രശ്ന പരിഹാരം കണ്ടെത്തണം.  അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സിവില്‍ സര്‍വ്വീസ് ആണ് നമുക്ക് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍വീസ് രംഗത്ത് മാറ്റം അനിവാര്യമാണ്. സമ്പൂര്‍ണ സാക്ഷരത മാത്രം പോരാ, കമ്പ്യൂട്ടര്‍ സാക്ഷരത എല്ലാവര്‍ക്കും നേടാന്‍ കഴിയണം. അതിനുതകുന്ന പരിപാടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതിനനുസരിച്ച് പരിശീലനം വേണം. സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങളെല്ലാം മൊബൈലിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം ആവശ്യമാണ്. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങള്‍ എങ്ങനെ വേഗത്തില്‍ നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കും. കെഎഎസ് ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

47000 ൽ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും അധികം പരാതികൾ കിട്ടിയത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്.  ഏറ്റവും അധികം പരാതികൾ തദ്ധേശ ഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. പരാതികളിൽ മേൽ നെഗറ്റീവ് അപ്രോച്ച് അല്ല വേണ്ടത്. താലൂക്ക് തല അദാലത്തുകളില്‍ പ്രതീക്ഷിച്ചത്ര പരാതികള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com