വ്യവസായിയിൽ നിന്ന് 108 കോടി രൂപയും 1000 പവനും തട്ടി: മരുമകനും ബന്ധുക്കളും അറസ്റ്റിൽ

മകളുടെ ഭര്‍ത്താവായ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസന്റെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
കൊച്ചി: പ്രവാസി വ്യവസായിയിയിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകനും കുടുംബാം​ഗങ്ങളും അറസ്റ്റിൽ. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ് കുതിരോളി, ഇയാളുടെ കുടുംബാംഗങ്ങളായ ചെര്‍ക്കള അഹമ്മദ് ഷാഫി, അയിഷ ഷാഫി, സുഹൃത്ത് അക്ഷയ് വൈദ്യന്‍ എന്നിവരെ എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിര്‍ ഹസന്റെ പരാതിയിലാണ് അറസ്റ്റ്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ നാലുപ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മകളുടെ ഭര്‍ത്താവായ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസന്റെ പരാതി. അബ്ദുള്‍ ലാഹിര്‍ ഹസന്‍ എന്‍.ആര്‍.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.

തന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബംഗളൂരുവില്‍ കെട്ടിടം വാങ്ങാന്‍ പണം നല്‍കിയെങ്കിലും വ്യാജരേഖ നല്‍കി കബളിപ്പിച്ചു. 

ആറു വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നല്‍കിയത്. നടി സോനം കപൂറിന്റെ പേരിൽ സ്വന്തം ഭാര്യയേയും ഇയാൾ പറ്റിച്ചു. ബൊട്ടീക് ഉടമയായ ഭാര്യയെക്കൊണ്ട് സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു. 

വിവാഹത്തിനു നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു. തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവര്‍ വാഹനം കൈവശപ്പെടുത്തി. മഹാരാഷ്ട്രയിലെ മന്ത്രിക്ക് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മരുമകന്റെ തട്ടിപ്പുകൾ മനസിലാക്കിയതോടെ മകൾ ഇയാളെ ഉപേക്ഷിച്ച് ദുബായിലേക്ക് വന്നെന്നും വ്യവസായി പരാതിയിൽ പറഞ്ഞു. 

ഗോവ - കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണം തട്ടിയ കേസിൽ ഗോവ പൊലീസ് ഹാഫിസിനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭാര്യാ പിതാവിനെ കബളിപ്പിച്ച കേസിലെ അറസ്റ്റ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com