പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു; ബ്ലോക്ക് പ്രസിഡന്റിനെയും സിപിഎം നേതാവിനെയും തെറിവിളിച്ചു; അരമണിക്കൂറിനകം എസ്‌ഐക്ക് സ്ഥലംമാറ്റം

ആറു മാസം മുന്‍പാണ് വിപിന്‍ പ്രബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മലപ്പുറം :  സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോട് മോശമായി പെരുമാറുകയും ചെയ്ത എസ്‌ഐക്കെതിരെ നടപടി. സംഭവമുണ്ടായി അരമണിക്കൂറിനകം എസ്‌ഐയെ സ്ഥലംമാറ്റി. തിരൂര്‍ സ്റ്റേഷനിലെ പ്രബേഷന്‍ എസ്‌ഐ കെ വി വിപിനെയാണ് അന്വേഷണ വിധേയമായി എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റിയത്. 

പൊലീസ് സ്റ്റേഷനില്‍ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും എസ്‌ഐ തെറിവിളിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇന്നലെ ഉച്ചയോടെ തിരൂര്‍ സ്റ്റേഷനിലാണ് സംഭവം. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെയാണ് അടിച്ചത്. 

നൗഷാദിന്റെ വാര്‍ഡിലെ മത്സ്യത്തൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ സ്റ്റേഷനില്‍ ഹാജരാകാന്‍ എസ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോലി കാരണം ഇയാള്‍ക്ക് എത്താന്‍ സാധിക്കില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും നൗഷാദ് എസ്‌ഐ വിപിനെ വിളിച്ചു പറഞ്ഞു. 

ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് എസ്‌ഐ നൗഷാദിനോടു പറയുകയും ഫോണിലൂടെ ഇരുവരും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗഷാദ് വെട്ടം പഞ്ചായത്തിന്റെ വാഹനത്തില്‍ സ്റ്റേഷനിലെത്തി. ഇവിടെ വച്ചും ഇരുവരും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ എസ്‌ഐ മുഖത്തടിച്ചുവെന്നാണ് നൗഷാദ് പറയുന്നത്. 

കോളറില്‍ പിടിച്ചും നെഞ്ചില്‍ തള്ളിയും സ്റ്റേഷന്റെ പുറത്തെത്തിച്ചു. സ്റ്റേഷനില്‍നിന്നു പോകാനും ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു സൈനുദ്ദീനോടും, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയനോടും എസ്‌ഐ വിപിന്‍ കയര്‍ത്തു സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തു. 

എസ്‌ഐക്കെതിരെ ഉടന്‍ നടപടി വേണമെന്ന് നേതാക്കള്‍ സ്റ്റേഷനിലെത്തിയ ഇന്‍സ്‌പെക്ടര്‍ ജിജോയോട് ആവശ്യപ്പെട്ടു. ഉടന്‍ നടപടിയെടുക്കാമെന്ന് ഇന്‍സ്‌പെക്ടര്‍ നേതാക്കളെ അറിയിച്ചു. അരമണിക്കൂറിനകം എസ്‌ഐ വിപിനെ സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആറു മാസം മുന്‍പാണ് വിപിന്‍ പ്രബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com