ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍:  വേറെയും കുട്ടികളെ റാഞ്ചാൻ പദ്ധതിയിട്ടു?; രേഖകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം 

പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പത്മകുമാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് സൂചന
പത്മകുമാര്‍, അനിതാകുമാരി, അനുപമ
പത്മകുമാര്‍, അനിതാകുമാരി, അനുപമ

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായ അനുപമയുടെ ബുക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. പ്രതികളുടെ പക്കല്‍ നിന്നും ഒമ്പതു ബുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, അതു മറികടക്കാനായിട്ടാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞതെന്നുമാണ് വിവരം. 

രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ മുമ്പും ശ്രമിച്ചിരുന്നു. എന്നാല്‍ സാഹചര്യം എതിരായതിനാലാണ് ശ്രമം ഉപേക്ഷിച്ചത്. ഒറ്റയ്ക്ക് പോകുന്ന കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടത്. ഇതിനായി ഒറ്റയ്ക്ക് പോകുന്ന കുട്ടികളുടെ വിവരം ശേഖരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി അനുപമയെയും അമ്മ അനിതകുമാരിയെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പത്മകുമാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് സൂചന. സാമ്പത്തിക ഇടപാടു സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ വ്യക്തത പൊലീസിന് ലഭിച്ചിട്ടില്ല. പത്മകുമാറിനെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും അനിതയെയും അനുപമയെയും ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് ചോദ്യം ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com