ശബരിമല ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ കൂട്ടംതെറ്റി, ബസില്‍ ഉറങ്ങിപ്പോയ കുഞ്ഞുമാളികപ്പുറവും മുത്തച്ഛനും എത്തിയത് മൂവാറ്റുപുഴയില്‍; തുണയായി യുവാവ് 

വഴി തെറ്റി അലഞ്ഞ കുഞ്ഞു മാളികപ്പുറത്തിനും മുത്തച്ഛനും ആശ്വാസം പകര്‍ന്ന് ഭിന്നശേഷിക്കാരനായ യുവാവ്
ശബരിമല സന്നിധാനത്തെ ഭക്തജനത്തിരക്ക്: ഫയൽ/എക്‌സ്പ്രസ്‌
ശബരിമല സന്നിധാനത്തെ ഭക്തജനത്തിരക്ക്: ഫയൽ/എക്‌സ്പ്രസ്‌

കൊച്ചി: വഴി തെറ്റി അലഞ്ഞ കുഞ്ഞു മാളികപ്പുറത്തിനും മുത്തച്ഛനും ആശ്വാസം പകര്‍ന്ന് ഭിന്നശേഷിക്കാരനായ യുവാവ്. കോഴിക്കോട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ തീര്‍ഥാടക സംഘത്തിലെ അഭയയും മുത്തച്ഛന്‍ വേലായുധനുമാണ് കൂട്ടംതെറ്റിയത്. മാറാടി താഴത്തുപറമ്പില്‍ ബഷീര്‍ ആണ് ഇവര്‍ക്ക് തുണയായത്.

അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോഴിക്കോട് രാമനാട്ടുകര പാലാഴിയില്‍ സുരേഷിന്റെ മകള്‍ അഭയയും മുത്തച്ഛന്‍ വേലായുധനും വഴി തെറ്റി കൂത്താട്ടുകുളത്തിന് അടുത്തുള്ള ഈസ്റ്റ് മാറാടിയില്‍ എത്തിയത്. കോഴിക്കോട് നിന്ന് ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പമാണ് സുരേഷും മക്കളായ അഭയയും ആദിദേവും മുത്തച്ഛന്‍ വേലായുധനും ശബരിമലയില്‍ എത്തിയത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി പമ്പയില്‍ എത്തിയപ്പോള്‍ വേലായുധനും അഭയയും കൂട്ടം തെറ്റുകയായിരുന്നു.

സംഘാംഗങ്ങളെ തേടി മണിക്കൂറുകളോളം അലഞ്ഞ ശേഷം നിലയ്ക്കലേക്ക് പോകാന്‍ ഇവര്‍ ബസില്‍ കയറി. കോട്ടയം വഴിയുള്ള ബസിലാണ് ഇരുവരും കയറിയത്. ബസില്‍ കയറിയ ഉടന്‍ തന്നെ ക്ഷീണം കാരണം ഇരുവരും ഉറങ്ങിപ്പോയി. കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഉണര്‍ന്നത്. കയ്യില്‍ പണമോ ഫോണോ ഇല്ലാതിരുന്നതിനാല്‍ അവിടെയിറങ്ങി. അവിടെ നിന്ന് കോഴിക്കോട്ടേയ്ക്ക് നടന്നുപോകാന്‍ വേലായുധന്‍ തീരുമാനിച്ചു.

ഈസ്റ്റ് മാറാടി വരെ എത്തിയപ്പോഴേക്കും അഭയ നന്നേ ക്ഷീണിച്ചു. അപ്പോഴാണ് ഇരുവരും ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ കാര്യം പറഞ്ഞു. തിരിച്ചുപോകാന്‍ പണമില്ലെന്നും നല്ല വിശപ്പുണ്ടെന്നും അറിയിച്ചതോടെ ബഷീര്‍ സമീപത്തെ ചായക്കടയില്‍ നിന്ന് ചായയും പലഹാരങ്ങളും വാങ്ങി നല്‍കി. തുടര്‍ന്ന് മാറാടി പഞ്ചായത്ത് അംഗം ജിഷ ജിജോയെ വിവരം അറിയിച്ചു.

ജിഷയും മറ്റൊരു പഞ്ചായത്ത് അംഗവമായ രതീഷ് ചങ്ങാലിമറ്റവും സ്ഥലത്തെത്തി ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുട്ടിയുടെ അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന സുരേഷ് ഉടന്‍ സംഘാംഗങ്ങളെയും കൂട്ടി പമ്പയില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് തിരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോട്കൂടിയാണ് ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്. അച്ഛനെത്തുമ്പോള്‍ അവശയായി പൊലീസ് സ്റ്റേഷനിലെ ബഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അഭയ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com