ക്ഷേത്ര മൈതാനങ്ങള്‍ നവകേരള സദസിന്റെ വേദിയാക്കരുത്; ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും

ഹൈക്കോടതിയില്‍ ഹര്‍ജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാന്‍ ധാരണയാക്കിയിട്ടുണ്ട്.
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: നവകേരള സദസിന്റെ വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാര്‍ക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയന്‍കീഴ് മണ്ഡലം നവകേരള സദസും നടത്തുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. 

അതേസമയം ഹൈക്കോടതിയില്‍ ഹര്‍ജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാന്‍ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും. നേരത്തെ കൊല്ലത്തെ തന്നെ ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നവകേരള സദസ് ഇന്ന് മുതല്‍ മൂന്ന് ദിവസം കൊല്ലം ജില്ലയിലാണ്. പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ സദസ്. പ്രഭാത യോഗം കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ ചേരും. 11 മണിക്ക് പത്തനാപുരം എന്‍ എസ് എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യ സദസ്സ് ചേരും. മൂന്നുമണിക്ക് പുനലൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ 4. 30 നും സദസ് തുടങ്ങും. വൈകിട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോര്‍ഡ് സ്‌കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com