എസ് ശ്രീശാന്ത് /ഫോട്ടോ: ട്വിറ്റർ
എസ് ശ്രീശാന്ത് /ഫോട്ടോ: ട്വിറ്റർ

വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്: ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതിയില്‍ സബ്മിഷന്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കൊച്ചി: വഞ്ചന കേസില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതിയില്‍ സബ്മിഷന്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്.

കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരുന്നത്. 

വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നാണ് പരാതി. എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ കോടതി അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. കേസില്‍ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും ശ്രീശാന്ത് ഹൈക്കോടതിയില്‍ പറഞ്ഞു. 

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ നന്നായി കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്ന സമയത്താണ് തനിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2019ല്‍ തുക കൈമാറ്റം ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും പരാതി നല്‍കിയത് വൈകിയാണെന്നും ശ്രീശാന്ത് കോടതിയില്‍ വാദിച്ചു. അഭിഭാഷകരായ രഞ്ജിത്ത് ബി മാരാര്‍, ലക്ഷ്മി എന്‍ കൈമള്‍, പി രാജ്കുമാര്‍, കേശവരാജ് നായര്‍, അരുണ്‍ പൂമുള്ളി, പ്രീത എസ് ചന്ദ്രന്‍, അഭിജിത്ത് ശ്രീകുമാര്‍, ആനന്ദ് രമേഷ്, സി ആര്‍ രേഖ എന്നിവര്‍ മുഖേനയാണ് ശ്രീശാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com