കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധം; കോടതിയെ സമീപിക്കുമെന്ന് കെസി വേണുഗോപാല്‍

കേരളത്തിലെ ഡിജിപി എന്തു നോക്കി നില്‍ക്കുകയാണെന്ന് മനസ്സിലാകുന്നില്ലെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു
കെ സി വേണുഗോപാല്‍/ഫയൽ
കെ സി വേണുഗോപാല്‍/ഫയൽ

തിരുവനന്തപുരം: പൊലീസ് കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കേസെടുത്തശേഷവും ഗണ്‍മാന് എങ്ങനെ ആ സ്ഥാനത്ത് തുടരാനാകും. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പം അയാള്‍ തുടരുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 

എഫ്‌ഐആറെടുത്ത പൊലീസുകാരനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയമിക്കുക എന്നതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിലെ ഡിജിപി എന്തു നോക്കി നില്‍ക്കുകയാണെന്ന് മനസ്സിലാകുന്നില്ല. പൊലീസിന്റേതായ എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 

പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി അടിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് ഇപ്പോള്‍ പൊലീസ് പൂര്‍ണ സംരക്ഷണമാണ് നല്‍കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. നവകേരള സദസ്സിനെതിരെ കരിങ്കൊടി കാണിച്ചതിനാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരായ അനില്‍കുമാറിനെതിരെ ആലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 

ആലപ്പുഴയില്‍ നവകേരള ബസിന് നേരെ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്.  ആലപ്പുഴ കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഗണ്‍മാനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഗണ്‍മാന്റേത് ജീവന്‍രക്ഷാ പ്രവര്‍ത്തനം ആണെന്നായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com