'രാജാവാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു, എന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തി': ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

'താൻ രാജാവാണ്, താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു'
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ/ടെലിവിഷൻ ദൃശ്യം
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ/ടെലിവിഷൻ ദൃശ്യം

കൊച്ചി: തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാവാണെന്നും താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അവർക്കു തോന്നുന്നതു പറയുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കുള്ള മറുപടിയെന്നോണമുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസ്താവന. 

താൻ രാജാവാണ്, താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു. പ്രായമായവരുടെ കാര്യം വരുമ്പോൾ സ്വന്തം അച്ഛനോ അമ്മയ്‌ക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാൻ. എന്റെ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്ക്ക് കൊടുക്കുമ്പോഴാണ് ഞാൻ മനുഷ്യനാകുന്നത്. 

 ചുറ്റും കാണുന്ന പല കാര്യങ്ങളിലും നാം കണ്ണടയ്ക്കാറാണ് പതിവ്. അത് എളുപ്പമാണ്. കാണുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട്. കാരണം, അതിനെ എതിർക്കാൻ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തികൾ നമുക്ക് എതിരാകും. അത് അങ്ങനെയാണ്. താൻ വഴി മറ്റൊരാൾക്ക് നല്ലത് വരണമെങ്കിൽ താൻ തന്നെ പഴി കേൾക്കേണ്ട കാലമാണ്. കാരണം, നമ്മൾ നമുക്ക് വേണ്ടിമാത്രം ജീവിക്കുന്നതുകൊണ്ടായിരിക്കാം. ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും ദേവൻ രാമകൃഷ്ണൻ പറഞ്ഞു. കൊച്ചി കല്ലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമപെൻഷൻ കുടിശിക ആവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com