മുള്‍ക്കിരീടമായിരുന്നില്ല; പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ: ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ ഒരു രൂപയുടെ പോലും കുടിശ്ശിക ഇല്ലാതെ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങാനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്
മന്ത്രി ആന്റണി രാജു , ഫയൽ
മന്ത്രി ആന്റണി രാജു , ഫയൽ

തിരുവനന്തപുരം: ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത  മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇനി എംഎല്‍എയായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ആന്റണി രാജു പറഞ്ഞു. 
  
കെഎസ്ആര്‍ടിസി ഉള്‍പ്പെടുന്ന ഗതാഗത വകുപ്പാണ് തനിക്ക് ലഭിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധികളോടെ കടന്നുപോകുന്ന വകുപ്പാണത്. വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മന്ത്രിസ്ഥാനം ഒഴിയുന്നത്. കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞമാസത്തെ ശമ്പളം പൂര്‍ണമായും ഇന്നലെ തന്നെ കൊടുത്തു. ഒരു രൂപയുടെ പോലും കുടിശ്ശിക ഇല്ലാതെ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങാനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 

ഇന്നലെ ശമ്പളം കൊടുത്തു തീര്‍ക്കാനായിരുന്നില്ലെങ്കില്‍ ക്രിസ്മസിന് ശമ്പളം മുടങ്ങുന്ന സ്ഥിതി വരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രത്യേക അറേഞ്ച്‌മെന്റിലൂടെ എല്ലാവര്‍ക്കും ശമ്പളം ശമ്പളം നല്‍കുകയായിരുന്നു. ഈ മാസം കെഎസ്ആര്‍ടിസിക്ക് 121 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എത്തിച്ചതായും ആന്റണി രാജു പറഞ്ഞു. 

ഇതൊരു മുള്‍ക്കിരീടമായിരുന്നില്ല. നല്ല കിരീടമായിരുന്നു. വെല്ലുവിളിയുള്ള വകുപ്പ് ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോഴല്ലേ നല്ല മന്ത്രിയാകുക. അല്ലാതെ, ആരുടെയും സഹായമില്ലാതെ, മന്ത്രിയുടെ ഇടപെടലില്ലാതെ, സാധാരണ പോകുന്ന വകുപ്പാണെങ്കില്‍ പിന്നെ മന്ത്രിക്ക് എന്താണ് പണി?. അതുകൊണ്ടു തന്നെ മുള്‍ക്കിരീടമാണെന്ന് തനിക്ക് തോന്നിയിട്ടില്ല. തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചു എന്നും ആന്റണി രാജു പറഞ്ഞു. 

എല്‍ഡിഎഫ് ധാരണ പ്രകാരം നവംബര്‍ 19 ന് തന്നെ രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. നവകേരള സദസ്സ് നടക്കുന്നതിനാലാകും മുഖ്യമന്ത്രി മന്ത്രിസ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടു. ഇന്നലെ നവകേരള സദസ്സ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ അധ്യക്ഷനാകാനുള്ള ഭാഗ്യവും അവസരവും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും സകുടുംബം കണ്ട് ക്രിസ്മസ് ആശംസ നേര്‍ന്നുവെന്നും ആന്റണി രാജു പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com