പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തിയത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലില്‍ പ്രവേശിക്കുമ്പോള്‍ ഭക്തിസാന്ദ്രമായിരുന്നു ശബരിമല.
മണ്ഡലപൂജ ബുധനാഴ്ച നടക്കും. 41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. മണ്ഡലപൂജ നാളെ 10.30 നും 11.30 നും ഇടയിലാകും നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.
15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം. തുടര്‍ന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക