100 രൂപ കൂടുതല്‍ കൂലി ചോദിച്ചു, ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; ബോധമില്ലാതെ നിലത്തുവീണു

100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി
മർദ്ദനമേറ്റ ബാബു, സ്ക്രീൻഷോട്ട്
മർദ്ദനമേറ്റ ബാബു, സ്ക്രീൻഷോട്ട്

കല്‍പ്പറ്റ: 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്. കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിനായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. ബാബുവിന്റെ പരാതിയില്‍ സ്ഥല ഉടമയുടെ മകനെതിരെ പൊലീസ് കേസെടുത്തു. പട്ടികവര്‍ഗ അതിക്രമ നിരോധനം അടക്കമുള്ള  വകുപ്പുകള്‍ ചേര്‍ത്ത് അമ്പലവയല്‍ പൊലീസ് ആണ് കേസെടുത്തത്. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. 

സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലിയായി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.

ഈമാസം 10നാണ് സംഭവം. കുരുമുളക് പറിക്കാന്‍ കൂലി കൂട്ടി തരണം എന്ന് പറഞ്ഞപ്പോള്‍ വാക്ക് തര്‍ക്കം ഉണ്ടായി. സ്ഥിരമായി ജോലിക്ക് പോകുന്ന വീടിന്റെ ഉടമയുടെ മകന്‍ ക്രൂരമായി മര്‍ദിച്ചപ്പോള്‍ നിലത്ത് വീഴുകയും ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചതായും പരാതിയില്‍ പറയുന്നു. കവിളില്‍ ചവിട്ടിയപ്പോള്‍ മൂന്ന് പല്ല് പോയി. താടി എല്ല് പൊട്ടി. ബോധമില്ലാതെ നിലത്ത് വീണതായും ബാബു പറയുന്നു.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ശരീരത്തിലെ പരിക്കും വേദനയും കൊണ്ട് വീട്ടില്‍ വരാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ സൈഡില്‍ ഒരു രാത്രി കിടന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ സമീപ വാസികളും ചേര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കി. എന്താണെന്ന് ചോദിച്ചപ്പോഴാണ് മര്‍ദിച്ച കാര്യം പറഞ്ഞതെന്നും ബാബു പറയുന്നു.

തിങ്കളാഴ്ച രാവിലെ എസ്ടി പ്രമോട്ടര്‍മാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം മുതലാളിയും മകനും ആശുപത്രിയില്‍ എത്തി കേസ് ആക്കരുതെന്നും കള്ള് കുടിച്ച് വീണതാണെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്ന് ആയിരം രൂപയും നീട്ടി. തന്റെ പരിക്ക് ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും മറുപടി നല്‍കിയതായും ബാബു പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com