വീട്ടുജോലിക്കെത്തി, സ്ത്രീയും പുരുഷനും ചേര്‍ന്ന് വയോധികയെ തോര്‍ത്ത് മുറുക്കി കൊന്നു;  മൂന്നു പവന്റെ മാല മോഷ്ടിച്ചു; അറസ്റ്റ്

പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്
police
police

പാലക്കാട്: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ ഇരുവരും ശനിയാഴ്ച ഉച്ചയോടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ 74 കാരിയയായ പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്മാവതി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിനടുത്ത് തന്നെയാണ് മകനും താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാനായി അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും കാണാതായിരുന്നു.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

പത്മാവതിയുടെ വീട്ടില്‍ ചില നിര്‍മാണപ്രവൃത്തികള്‍ക്കായി എത്തിയവരാണ് സത്യഭാമയും ബഷീറും. വീട്ടില്‍ പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇരുവരും മൂന്നുദിവസം മുന്‍പേ മോഷണം ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും ജോലിസ്ഥലത്തുനിന്ന് കടന്നു. തുടര്‍ന്ന് പത്മാവതിയുടെ വീടിനകത്ത് കയറി ഇവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാല മോഷ്ടിച്ച് കടന്നുകളഞ്ഞു.മോഷ്ടിച്ച മാല ബഷീറാണ് ചിറ്റൂരിലെ ജ്വല്ലറിയില്‍ വിറ്റതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com