ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
അറസ്റ്റിലായ ശശി
അറസ്റ്റിലായ ശശി


അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിന്റെ കരുമാടിയിലുള്ള വീട്ടില്‍ രാത്രിയിലെത്തിയ പ്രതി വീട്ടില്‍ വെച്ചിരുന്ന അനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഇരുമ്പ് കസേര വെച്ച ശേഷം അതിലും ബൈക്കിലും വയര്‍ ചുറ്റി വയറിന്റെ ഒരഗ്രം അനില്‍കുമാറിന്റെ വീടിന്റെ മുന്‍വശത്തുള്ള കെഎസ്ഇബിയുടെ വൈദ്യുത ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി കൊടുത്തു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

കരുമാടി ജങ്ഷനില്‍ ലോട്ടറി വില്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ലോട്ടറി വില്‍പ്പനക്കായി ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബിയിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

തനിക്ക് ശത്രുക്കളാരും ഇല്ലാ എന്നായിരുന്നു അനില്‍ കുമാറിന്റെ മൊഴി, അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളും, സംഭവങ്ങളും ഈ അടുത്ത കാലത്തു നടന്നിട്ടില്ലായെന്നു അയല്‍വാസികളും മൊഴി നല്‍കി. തുടര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പിഎസ്‌സി കോച്ചിങ് സെന്ററിലെ സിസിടിവിയില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച് മുണ്ടും ഷര്‍ട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിനെ പിന്തുടര്‍ന്ന് 60ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനില്‍കുമാറും തമ്മില്‍ അടുപ്പം ഉണ്ടോ എന്ന് സംശയിച്ചാണ് കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com