മകനെ തിരക്കി തിരുവന്തപുരത്ത്, മകളെയും കാണാതായി; മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ച് പിങ്ക് പൊലീസ്, ഒടുവില്‍ അമ്മ മനസ്സിന് സമാധാനം

കാണാതായ മകനെ തേടി അലഞ്ഞ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ട ആസിയക്ക് ഒടുവില്‍ മകനെ തിരികെ കിട്ടി
കുടുംബത്തിനൊപ്പം ആസിയ
കുടുംബത്തിനൊപ്പം ആസിയ


തിരുവനന്തപുരം: കാണാതായ മകനെ തേടി അലഞ്ഞ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ട ആസിയക്ക് ഒടുവില്‍ മകനെ തിരികെ കിട്ടി. കാണാതായ മകനെത്തേടി വഴിതെറ്റി തിരുവനന്തപുരത്തെത്തിയ അസം ഗുവാഹത്തി സ്വദേശി ആസിയയാണ് സമാനതകളില്ലാത്ത ദുരിതത്തിലൂടെ കടന്നുപോയത്. 

അഞ്ചുമാസംമുമ്പ് ജോലിക്കായി തൃശ്ശൂരിലെത്തിയ മകനെ അന്വേഷിച്ചാണ് ആസിയ മകള്‍ ഷാജിതയ്‌ക്കൊപ്പം മെയ് പകുതിയോടെ ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ചത്. തൃശ്ശൂരിനുപകരം വഴിതെറ്റിയിറങ്ങിയത് തിരുവനന്തപുരത്ത്. ഒപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരി മകള്‍ തിക്കിലും തിരക്കിലും കൈവിട്ടുപോയി. മകളെ തിരക്കി നഗരത്തിലൂടെ അലഞ്ഞ ആസിയയെ പിങ്ക് പൊലീസ് പിടികൂടി. അവ്യക്തമായ ഭാഷയില്‍ സംസാരിച്ച ആസിയയെ പിങ്ക് പൊലീസ് പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടാക്കി. ഇവരുടെ പ്രശ്‌നം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാന്‍ പൊലീസും ആശുപത്രി അധികൃതരും മെനക്കെട്ടില്ല. ഒരു മാസം ആസിയ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞു. ഈ സമയത്തെല്ലാം മാനസ്സിക വിഭ്രാന്തിക്കുള്ള മരുന്നും നല്‍കി. 

ഒരു മാസത്തിനുശേഷം ആശുപത്രിയില്‍വെച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അഭിഭാഷക പാനലിലെ സിആര്‍ രഞ്ജിനി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആസിയയുടെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം പുറത്തറിഞ്ഞത്. തുടര്‍ന്ന് മകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. റെയില്‍വെ ചൈനല്‍ഡ് ലൈന്‍ കണ്ടെത്തിയ കുട്ടിയെ കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലാക്കിയിരുന്നു. കുട്ടി അമ്മയെ തിരിച്ചറിഞ്ഞതോടെ മകള്‍ ഷാജിതയ്‌ക്കൊപ്പം ആസിയയേയും നിര്‍മ്മല ശിശുഭവനില്‍ താമസിപ്പിച്ചു. ശേഷം മകനുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. 

മകന്‍ അബുവിനെ കണ്ടെത്താനായി തൃശൂരില്‍ നടത്തിയ തെരച്ചിലില്‍, മകന്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയിലുണ്ടെന്ന് അറിഞ്ഞു. ആസിയക്കൊപ്പം തൃശ്ശൂരിലേക്കുപോയ പാരാലീഗല്‍ വൊളന്റിയര്‍ തമീസയുടെ പരിശ്രമങ്ങളാണ് അവസാനം അബുവിലേക്കെത്തിയത്. അന്വേഷണത്തിനൊടുവില്‍ ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആസിയയുടെ ഇളയ സഹോദരന്‍ ഫജാല്‍ ഹൊക്കുവിനെയാണ് കിട്ടിയത്. ഇതോടെയാണ് ഇയാള്‍ക്കൊപ്പമാണ് മകനുള്ളതെന്ന് തിരിച്ചറിഞ്ഞത്.

തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന ഫജാല്‍ ഹൊക്കുവിനൊപ്പമാണ് അബു ട്രിച്ചിയിലേക്കുപോയത്. വ്യക്തിപരമായി അകല്‍ച്ചയിലായതിനാല്‍ സഹോദരനും ആസിയയും തമ്മില്‍ ബന്ധപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെത്തിയശേഷം ബാഗും ഫോണും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടതോടെ മകനുമായും ബന്ധപ്പെടാന്‍ ആസിയയ്ക്ക് കഴിയാതെയായി.

ആസിയയുടെ അവസ്ഥയറിഞ്ഞ സഹോദരന്‍ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തി. കുന്നുകുഴി നിര്‍മലാ ശിശുഭവനിലായിരുന്ന ആസിയയും മകള്‍ ഷാജിതയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസിലെത്തി. തുടര്‍ന്ന് സഹോദരനൊപ്പം ട്രിച്ചിയിലേക്ക് തിരിച്ചു.

റെയില്‍വേ സ്റ്റേഷനില്‍നിന്നു മകളെ കാണാത്ത പരിഭ്രാന്തിയിയില്‍ അലഞ്ഞുതിരഞ്ഞ ആസിയയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത് സംബന്ധിച്ച് പിങ്ക് പോലീസിനോട് ഡിസിപി അജിത് കുമാര്‍ റിപ്പോര്‍ട്ടു തേടി. പിങ്ക് പൊലീസിന് പിഴവു സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആസിയയെ ചികിത്സിച്ച ഡോക്ടര്‍മാരോടും റിപ്പോര്‍ട്ടു തേടുമെന്ന് ഡിസിപി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com