പ്രതിയുടെ ചിത്രം പകര്‍ത്തുന്നത് മാധ്യമപ്രവര്‍ത്തകരുടെ ജോലി; കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലാകുന്നത് എങ്ങനെ?: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

അറസ്റ്റ് ചെയ്ത പ്രതിയുടെ ചിത്രം മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അറസ്റ്റ് ചെയ്ത പ്രതിയുടെ ചിത്രം മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം പകര്‍ത്തിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റും ബന്ധപ്പെട്ട ജീവനക്കാരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

പ്രതിയുടെ ചിത്രമെടുക്കല്‍ മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ട പ്രതികളാണെങ്കില്‍ മുഖം മറച്ച് കൊണ്ടുവരണം. പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവര്‍ത്തകരെ നിരന്തം നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത് എന്തിനാണ്? അതിനാല്‍, അവര്‍ക്ക് കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാകുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നത് ജനാധിപത്യത്തിലെ നാലാം തൂണ്‍ സങ്കല്‍പത്തിന് വിരുദ്ധമാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ പലവിവരവും ലഭിക്കും. അത് കണ്ടെത്താന്‍ അവരുടെ ഫോണ്‍ പിടിച്ചെടുക്കുന്ന നടപടി ശരിയല്ല. കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു ദ്രോഹവും ഉണ്ടാകില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. കേസെടുത്തതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ രണ്ട് പരാതിയും ഉടന്‍ പരിഗണിച്ച് പരാതിക്കാരെ കേട്ട് തീരുമാനമെടുക്കണമെന്നും കേസ് അന്വേഷണവുമായി ഹര്‍ജിക്കാര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com