'ഫോണ്‍ വച്ചിട്ട് പോടാ ഉമ്മന്‍ചാണ്ടി'  അനുഭവക്കുറിപ്പ് വൈറല്‍

ഒരിക്കല്‍ കണ്ടാല്‍ സകല ഭൂമിശാസ്ത്രവും  മറക്കാത്ത, തീവ്ര ഓര്‍മ ശക്തിയുള്ള ശ്രീ ഉമ്മന്‍ ചാണ്ടി ആ 'പോടാ' വിളി  മറന്നിരിക്കും .
ഉമ്മന്‍ചാണ്ടി/ ട്വിറ്റര്‍
ഉമ്മന്‍ചാണ്ടി/ ട്വിറ്റര്‍

കൊച്ചി:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു ഫെയ്‌സുബുക്കില്‍ എഴുതിയ പോസ്റ്റ് വീണ്ടും വൈറലാകുന്നു. പിജി വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്റുമായി ബന്ധപ്പെട്ട പണിമുടക്കും അതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുമാണ് ഡോക്ടര്‍ ആ കുറിപ്പില്‍ പങ്കുവച്ചത്. അതില്‍ തനിക്ക് പിണഞ്ഞ അബദ്ധവും ഡോക്ടര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഫോണ്‍ വെച്ചിട്ട് പോടാ ,മുഖ്യമന്ത്രി?

പൊങ്കാലയിടാന്‍ വരട്ടെ.
ഇതൊരു അബദ്ധം പറ്റിയ കഥ. ഈ കഥ ഇപ്പൊ പറഞ്ഞില്ലെങ്കില്‍ പിന്നെ കാര്യമില്ല.
ശ്രീ ഉമ്മന്‍ ചാണ്ടി  മുഖ്യമന്ത്രിയായിരുന്ന കാലം.ഏതാണ്ട് 15  കൊല്ലങ്ങള്‍ക്ക് മുന്‍പ്.
ജൂനിയര്‍ ഡോക്ടര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തങ്ങള്‍ ചെറിയ തോതിലുണ്ട്.
അത്യാവശ്യം  കാര്യങ്ങളില്‍  ഇടപെടും അത്രമാത്രം. സജീവ പ്രവര്‍ത്തനങ്ങളൊന്നുമില്ല.
പി ജി  വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്‍ഡ്മായി ബന്ധപ്പെട്ട് അവര്‍ പണിമുടക്കി.
പ്രശ്‌നം പരിഹരിക്കാന്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടന്ന ചില ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഞാനും 
കാര്യങ്ങളെങ്ങുമെത്തുന്നില്ല.
മുഖ്യമന്ത്രിയുമായും കൂടി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്നായി ആരോഗ്യ വകുപ്പ് മന്ത്രി .
പിറ്റേദിവസം  എന്റെ   മൊബൈലിലേക്കോരു ഫോണ്‍ കോള്‍.
'ഡോക്ടറെ ഞാന്‍ ഉമ്മന്‍ചാണ്ടിയാണ്'
കേരളീയര്‍ക്ക് ചിര പരിചിത ശബ്ദം.
എനിക്ക് സംശയമായി.
കേരള മുഖ്യന്  എന്നെ പോലെ  ഒരു സാധാ ഡോക്ടറെ നേരിട്ട് വിളിക്കേണ്ട കാര്യമോന്നുമില്ലല്ലോ.
 അതിനുവേണ്ടിയുള്ള പരിചയമോ, രാഷ്ട്രീയ ബന്ധങ്ങളൊയില്ലതാനും
മാത്രവുമല്ല
 ഉമ്മന്‍ചാണ്ടിയുടെ  മുതല്‍  മന്മോഹന്‍ സിങ്ങിന്റെയും അമിതാബ് ബച്ചന്റെയും  വരെ    ശബ്ദം അനുകരിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ടുതാനും.
ഇത് എനിക്കിട്ട് പണിയാന്‍ എന്റെ  അടുത്ത സുഹൃത്തുക്കള്‍ ആരോ ഇറങ്ങിയതാ.
 ഞാന്‍ ഉറപ്പാക്കി.
 ഉമ്മന്‍ ചാണ്ടിയാണെന്ന പരിചയപ്പെടുത്തലിന് ,എന്റെ അലസമായ ഉത്തരം 
'ഒ പറ'
'സ്‌റ്റൈപ്പന്‍ന്റിന്റെ  കാര്യത്തില്‍ നിങ്ങള്‍ക്കനുകൂലമായ തീരുമാനമെടുത്തിട്ടുണ്ട്'
'എന്നിട്ട്?'
എന്റെ  പുച്ഛം കലര്‍ന്ന  ചോദ്യം!
കൂടെ ഒരു വാചകവും ഞാന്‍  വെച്ച് കാച്ചി.
'വെച്ചിട്ട് പോടാ  ഉമ്മന്‍ചാണ്ടി'.
ഫോണ്‍ വെയ്ക്കുന്നില്ലായെന്നു മാത്രമല്ല ആ ശബ്ദം തുടരുന്നു.
'ഡോക്ടറെ ഞാന്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്'
പിന്നെ പറഞ്ഞതെല്ലാം
ഞാന്‍ പകുതി 
കേട്ടു, 
കേട്ടില്ല.
ഞാന്‍ പറഞ്ഞ സോറിയൊക്കെ അദ്ദേഹം ശ്രദ്ദിച്ചൊ എന്നറിയില്ല.ഫോണ്‍ വെച്ചിട്ടും എനിക്ക് സ്ഥലകാലബോധമുണ്ടായില്ല .
മുഖ്യമന്ത്രിയെ 'വെച്ചിട്ടു പോടാ' യെന്ന് പറഞ്ഞത് ഞാനല്ലെന്ന് സ്വയം 
മനസ്സിനെ സമാധാനിപ്പിച്ചു. ഒരു ചെറിയ ഡിനയല്‍
 അബദ്ധം പറ്റിയത്  തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് സ്വയം ബോധ്യ പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
പിന്നെ പല സന്ദര്‍ഭങ്ങളിലും  സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട്  അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇടയായെങ്കിലും  ആ  'പോടോ 'വിളിക്കാരനെ അദ്ദേഹം തിരിച്ചറിഞ്ഞില്ലയെന്ന് കരുതി ഞാന്‍ ആശ്വസിക്കുകയായിരുന്നു
ഒരുപക്ഷേ ഇതുപോലുള്ള ലാളിത്യമയിരിക്കണം ശ്രീ ഉമ്മന്‍ചാണ്ടിയെ ജനങ്ങളോട് അടിപ്പിച്ചു നിര്‍ത്തുന്നതും.
ഒരിക്കല്‍ കണ്ടാല്‍ സകല ഭൂമിശാസ്ത്രവും  മറക്കാത്ത, തീവ്ര ഓര്‍മ ശക്തിയുള്ള ശ്രീ ഉമ്മന്‍ ചാണ്ടി ആ 'പോടാ' വിളി  മറന്നിരിക്കും .
ഉറപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com