പ്രതിയുടെ രേഖാചിത്രം
പ്രതിയുടെ രേഖാചിത്രം

മോഷണത്തിനിടെ കള്ളന്‍ പിടിയിലായി; കടന്നുകളഞ്ഞ കൂട്ടുപ്രതിയുടെ ചിത്രം വരച്ചുനല്‍കി, കലാകാരനില്‍ കള്ളമില്ലെന്ന് പൊലീസ് 

മോഷണത്തിനിടെ പിടിയിലായ 'കലാകാരനായ' കള്ളന്‍ കൂട്ടാളിയുടെ രേഖാചിത്രം വരച്ചുനല്‍കി

കട്ടപ്പന: മോഷണത്തിനിടെ പിടിയിലായ 'കലാകാരനായ' കള്ളന്‍ കൂട്ടാളിയുടെ രേഖാചിത്രം വരച്ചുനല്‍കി. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കടത്തിക്കൊണ്ടുപോയി കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കോലഞ്ചേരി ചക്കുങ്കല്‍ അജയകുമാര്‍ പിടിയിലായത്. കൂട്ടുപ്രതിയെ കുറിച്ച് ചോദിച്ചപ്പോള്‍ പേപ്പറും പെന്‍സിലും നല്‍കിയാല്‍ വരച്ചുകാണിക്കാമെന്ന് പറഞ്ഞു. അജയകുമാര്‍ വരച്ചുനല്‍കിയ ചിത്രം ആദ്യം കണ്ടപ്പോള്‍ വിശ്വസിച്ചില്ലെങ്കിലും നാട്ടുകാരില്‍ ചിലര്‍ സ്ഥിരീകരിച്ചതോടെ അജയകുമാറിലെ കലാകാരനില്‍ കള്ളമില്ലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. 

അജയകുമാറും കൂട്ടാളി വിഷ്ണുവും ചേര്‍ന്നാണു ക്ഷേത്രത്തില്‍ മോഷണത്തിനു പദ്ധതിയിട്ടത്. ക്ഷേത്രത്തിനു സമീപത്തെ വീട് ഒഴിഞ്ഞുകിടക്കുകയാണെന്നു മനസ്സിലാക്കിയ ഇവര്‍ കാണിക്കവഞ്ചി ഇളക്കി ഇവിടെയെത്തിച്ചു കുത്തിപ്പൊളിക്കാന്‍ തീരുമാനിച്ചു. ഈ വീട്ടില്‍ കഴിഞ്ഞദിവസം താമസക്കാര്‍ വന്നത് അറിയാതെ ഇരുവരും കാണിക്കവഞ്ചിയുമായി ഇവിടെയെത്തി. പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നു നാട്ടുകാരെ അറിയിച്ചു. മദ്യലഹരിയിലായിരുന്നതിനാല്‍ അജയകുമാര്‍ മാത്രമാണു പിടിയിലായത്. വിഷ്ണു കടന്നുകളഞ്ഞു.

പൊലീസ് അജയകുമാറിനെ കസ്റ്റഡിയില്‍ എടുത്തശേഷം കൂട്ടുപ്രതിയെ കുറിച്ചു തിരക്കി. ഒരു പേപ്പറും പെന്‍സിലും നല്‍കിയാല്‍ വിഷ്ണുവിനെ വരച്ചുനല്‍കാമെന്നായി അജയകുമാര്‍. ഇതു നല്‍കിയതോടെ അജയകുമാര്‍ ബെഞ്ചിലിരുന്ന് രണ്ടു മിനിറ്റിനുള്ളില്‍ വിഷ്ണുവിന്റെ രേഖാചിത്രം പൂര്‍ത്തിയാക്കി. 

ചിത്രം പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നതിനാല്‍ സംശയനിവാരണത്തിനായി അവരെ കാണിച്ചു. ആള്‍ ഇതുതന്നെയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതോടെ അജയകുമാര്‍ വരച്ച ചിത്രം ശരിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com