'ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ?; വനിതാ പൊലീസ് മേധാവിയില്‍ കേരളം ചിന്തിക്കട്ടെ'

കേരള പൊലീസ് തലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല
ബി സന്ധ്യ എക്സ്പ്രസ് ഡയലോ​ഗ്സിൽ/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
ബി സന്ധ്യ എക്സ്പ്രസ് ഡയലോ​ഗ്സിൽ/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്

തിരുവനന്തപുരം: കേരള പൊലീസിന് വനിതാ മേധാവിയെ ലഭിക്കാത്തതു സംബന്ധിച്ച് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്ന് റിട്ടയേഡ് ഡിജിപി ബി സന്ധ്യ. ഏതു സമൂഹവും അവര്‍ അര്‍ഹിക്കുന്നവരാണ് നേതൃസ്ഥാനത്തെത്തുക. വനിതാ പൊലീസ് മേധാവി വേണമോ എന്നതില്‍ കേരള സമൂഹമാണ് തീരുമാനമെടുക്കേണ്ടത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദ എക്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ബി സന്ധ്യ. 

ഈ വിഷയത്തില്‍ താന്‍ മറുപടി പറയാനില്ല. കാരണം താന്‍ ഇരയായതായി കരുതുന്നില്ല. പൊലീസ് മേധാവിയാകാന്‍ തനിക്ക് സാധ്യതയുണ്ടായിരുന്നു എന്നാല്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചില്ല. എന്നുവെച്ച് കരയാനൊന്നും താന്‍ പോയില്ല. താന്‍ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ പൊലീസ് മേധാവി സ്ഥാനമൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബി സന്ധി പറഞ്ഞു.

കേരള പൊലീസ് തലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല. ഡിജിപിയെ തീരുമാനിക്കുന്നതിനെപ്പറ്റി തനിക്ക് അറിയില്ല. ഡിജിപിയെ തീരുമാനിക്കുന്ന റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ താന്‍ അംഗമല്ല. 22-ാം വയസ്സിലാണ് താന്‍ പൊലീസ് സേനയില്‍ ചേരുന്നത്. മൂന്നുപതിറ്റാണ്ടു കാലമാണ് പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചത്.

വളരെ സംതൃപ്തി തരുന്ന ഇന്നിംഗ്‌സായിരുന്നു അത്. പൊലീസ് സേനയില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും ബി സന്ധ്യ പറഞ്ഞു. ലിംഗസമത്വത്തെക്കുറിച്ച് പറയുന്ന ഇക്കാലത്ത്, വനിതാ പൊലീസ് മേധാവി വന്നിരുന്നെങ്കില്‍ അതിനോട് കൂടുതല്‍ നീതിപുലര്‍ത്തുന്നതാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്നായിരുന്നു മറുപടി. 

എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് എന്നോടു ചോദിക്കരുത്. ഇതേക്കുറിച്ച് പറയാന്‍ താന്‍ ആളല്ല. മലയാളത്തിലൊരു പഴഞ്ചൊല്ലുണ്ട്, ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ല. ഈ വിഷയത്തില്‍ ഇതാണ് ഇപ്പോള്‍ തനിക്ക് പറയാനുള്ളതെന്നും ബി സന്ധ്യ പറഞ്ഞു. 31 വര്‍ഷത്തെ സര്‍വീസിനിടെ, 12 വര്‍ഷവും ലോ ആന്റ് ഓര്‍ഡറിലാണ് ജോലി ചെയ്തത്. കേസന്വേഷണത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും വലിയ സമ്മര്‍ദ്ദമൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com