ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ച ഒന്നര വയസ്സുകാരി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ ഒന്നര വയയസ്സുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആര്‍ച്ച,വീണാ ജോര്‍ജ്
ആര്‍ച്ച,വീണാ ജോര്‍ജ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ ഒന്നര വയയസ്സുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരിച്ചത്.കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. ഡോക്ടര്‍മാര്‍ ദിവസേന പരിശോധന നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയും ആവിപിടിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ കുഞ്ഞിന് കഞ്ഞി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്‍പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com