നൂറിലേറെ കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി അറസ്റ്റിൽ

വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്
പൂമ്പാറ്റ സിനി
പൂമ്പാറ്റ സിനി

തൃശൂർ; നൂറിലേറെ കേസുകളിൽ പ്രതി കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.

സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനി ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവിടെ നിന്ന് തന്നെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ്. 

വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നും പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നു. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. അതിനു ശേഷം പല കള്ളക്കഥകളും പറഞ്ഞു ഇരകളെ വിശ്വസിപ്പിക്കും. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും. 

താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 

ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂർ പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽമാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com