മാഷേന്നു വിളിക്കാന്‍ നാണം തോന്നുന്നു; ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെ സുധാകരന്‍; സൂപ്പര്‍ ഡിജിപി ചമയുന്നുവെന്ന് വിഡി സതീശന്‍

കെപിസിസി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നു
കെ സുധാകരന്റെ വാര്‍ത്താസമ്മേളനം
കെ സുധാകരന്റെ വാര്‍ത്താസമ്മേളനം

കണ്ണൂര്‍: മോന്‍സന്‍ കേസിലെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മനുഷ്യത്വമുള്ള, സംസ്‌കാരമുള്ള, സാംസ്‌കാരിക നിലവാരമുള്ള നേതാക്കളുണ്ടെങ്കില്‍ പാര്‍ട്ടിക്കകത്തെങ്കിലും ഇതിനെതിരെ പ്രതികരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

ഇതിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമാകണം. താനുമായി ഒരു ബന്ധവുമില്ലാത്ത കുറേ ചെറുപ്പക്കാന്‍ തന്നെ കേസില്‍ക്കുടുക്കാന്‍ നടത്തുന്ന ശ്രമം കണ്ടപ്പോള്‍ അന്നേ ആശങ്കയുണ്ടായിരുന്നു. ഞാന്‍ അവരെയോ, അവര്‍ എന്നെയോ കണ്ടിട്ടില്ല. ഞങ്ങള്‍ തമ്മില്‍ ലോഹ്യമോ വൈരാഗ്യമോ ഇല്ല. ഒരിക്കല്‍ മോന്‍സന്റെ വീട്ടില്‍ വെച്ച്, അവിടെയുള്ള സോഫയില്‍ ഇരുന്ന ചെറുപ്പക്കാരില്‍ ചിലര്‍ പരാതിക്കാരില്‍പ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. 

ഇതിനു പിന്നില്‍ സിപിഎമ്മാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെ തോന്നുമോ. കെട്ടുകഥയുണ്ടാക്കി പൊതുരംഗത്തുള്ള ഒരാളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്. ഗോവിന്ദന്‍ മാഷ് എന്ത് അസംബന്ധമാണ് പറഞ്ഞത്. 

എംവി ഗോവിന്ദനെ മാഷ് എന്ന് വിളിക്കാന്‍  നാണം തോന്നുന്നു. കായികാധ്യാപകനാണല്ലോ, ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാമല്ലോ. അദ്ദേഹത്തിന്റെ കളി അതാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അത്രയുമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മോന്‍സന്‍ കേസിലെ അതിജീവിതയെ തനിക്കറിയില്ല. തനിക്കെതിരെയുള്ള നീക്കത്തിന് കാലം മറുപടി നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഗോവിന്ദന് സൈബർ വെട്ടുകിളി നിലവാരം​: വിഡി സതീശൻ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകൾ. ​ഗോവിന്ദന് സൈബർ വെട്ടുകിളി നിലവാരമെന്നും സതീശൻ പറഞ്ഞു. 

കെ സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എംവി ഗോവിന്ദൻ ആവർത്തിച്ചു.  ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ കേസെടുക്കണം. സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്. പ്രതിപക്ഷ നേതാവ് പറഞ്ഞു

കെപിസിസി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും ഗൂഢാലോചന നടത്തുന്നു. അതിന് എം വി ഗോവിന്ദൻ കൂട്ടു നിൽക്കുകയാണ്. പാർട്ടി സെക‌ട്ടറിക്കാണോ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് ? മോദി രാഷ്ട്രീയ എതിരാളികളെ നേരിടും പോലെ കേരളത്തിലും. മോൻസൻ മാവുങ്കലിന്റെ ചെമ്പോലക്ക് വിശ്വാസ്യത ഉണ്ടാക്കിയത് ആരാണ്? എംവി ഗോവിന്ദൻ യാദൃശ്ചികമായി പറഞ്ഞതല്ല ഗൂഢാലോചന എന്നും വിഡി സതീശൻ പറഞ്ഞു. 

രാഷ്ട്രീയ ഗൂഢാലോചന:  കെ സി വേണുഗോപാല്‍

കെ സുധാകരനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ഗൂഢാലോചനയില്‍ എംവി ഗോവിന്ദനും പങ്കുണ്ട്. പോക്‌സോ രേഖയുടെ ഉറവിടം ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com