എത്തിയത് 10,000 കോടി; സംസ്ഥാനത്തേക്ക് ഹവാലപ്പണം ഒഴുകുന്നു; 15 ഇടങ്ങളിൽ ഇഡി റെയ്ഡ്

അടുത്ത കാലത്തായി കേരളത്തിലേക്ക് 10,000 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഇഡി മൂന്ന് വർഷമായി നടത്തുന്ന രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തേക്ക് വൻ തോതിൽ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെ തുടർന്നു വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 15 ഇടങ്ങളിലാണ് രാത്രി വൈകിയും ഇഡി റെയ്ഡ് നടത്തിയത്. 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡിലുള്ളത്. ഉദ്യോ​ഗസ്ഥർക്കൊപ്പം സുരക്ഷ സേനയുമുണ്ട്. 

അടുത്ത കാലത്തായി കേരളത്തിലേക്ക് 10,000 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഇഡി മൂന്ന് വർഷമായി നടത്തുന്ന രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്. വൻ തോതിൽ ഹവാല ഇടപാടുകൾ നടത്തുന്ന 25ലധികം ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് റെയ്ഡ്. 

കൊച്ചിയും കോട്ടയവുമാണ് ഹവാല പണം എത്തുന്ന പ്രധാന കേന്ദ്രങ്ങൾ. ഇന്നലെ വൈകീട്ടാണ് ഒരേസമയം 15 ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്. ഹവാലയുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിൽ നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. 

കൊച്ചിയിലെ പെന്റ മേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്ത വിൽപ്പന നടത്തുന്ന കട, ബ്രോഡ്‌വേയ്ക്കു സമീപത്തുള്ള സൗന്ദര്യവർധക ഉത്പന്നങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ മൊത്തമായി വിൽക്കുന്ന ഷോപ്പ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പെന്റ മേനകയിൽ മാത്രം 50 കോടിയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ഇഡി കണ്ടെത്തി. കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഭാ​ഗങ്ങളിലെ ട്രാവൽ ഏജൻസികൾ, തുണിത്തരങ്ങളുടെ വിൽപ്പനശാലകൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 

രാഷ്ട്രീയ, വ്യവസായ, ഉദ്യോ​ഗസ്ഥ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇഡി സ്ഥിരീകരിച്ചു. മണി എക്സ്ചേഞ്ചുകൾ, ജ്വല്ലറികൾ, തുണിക്കടകൾ, മൊബൈൽ വിൽപ്പനശാലകൾ, ട്രാവൽ ഏജൻസികൾ, വിലയേറിയ സമ്മാനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവിടങ്ങളെല്ലാം ഹവാലപ്പണം ഒഴുകുന്ന കേന്ദ്രങ്ങളാണെന്നാണ് ഇ‍ഡിയുടെ കണ്ടെത്തൽ. 

50ഓളം രാജ്യങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഹവാലപ്പണം എത്തുന്നത്. 10,000 കോടി എന്നത് ഏകദേശ കണക്കാണെന്ന് ഇഡി പറയുന്നു. അതിലും കൂടുതൽ കണ്ടെത്താനുള്ള സാധ്യതകളും ഇഡി തള്ളുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com