വിവാഹമോചനക്കേസ് നീളുന്നതിൽ പ്രകോപിതനായി; തിരുവല്ല കുടുംബ കോടതിയിൽ ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു

വിവാഹമോചനക്കേസിൽ വിധി പറയാൻ വൈകുന്നതിൽ പ്രകോപിതനായാണ് ജഡ്ജിയുടെ ഔദ്യോ​ഗിക വാഹനം തല്ലിത്തകർത്തത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പത്തനംതിട്ട; തിരുവല്ല കുടുംബ കോടതി വളപ്പിൽ ജഡ്ജിയുടെ ഔദ്യോഗിക വാഹനം തല്ലിത്തകർത്ത ആൾ പിടിയിൽ. മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) ആണ് പിടിയിലായത്. വിവാഹമോചനക്കേസിൽ വിധി പറയാൻ വൈകുന്നതിൽ പ്രകോപിതനായാണ് ജഡ്ജിയുടെ ഔദ്യോ​ഗിക വാഹനം തല്ലിത്തകർത്തത്. 

ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവമുണ്ടായത്. കോടതിയിൽ വിസ്താരം നടക്കുന്നതിനിടെയ ഇയാൾ പലവട്ടം പ്രകോപിതനായി. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. കാറിന്റെ ആറു ചില്ലുകളും അയാൾ തല്ലിത്തകർത്തു. ചില്ലുകള്‍ മുഴുവന്‍ അടിച്ചു പൊട്ടിച്ച ശേഷവും വാഹനത്തിന്റെ പല ഭാഗങ്ങളും മണ്‍വെട്ടി കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടത്തി. 

അക്രമത്തിന് ശേഷവും വാഹനത്തിന് സമീപം തന്നെ നിലയുറപ്പിച്ച ഇയാള്‍ പൊലീസെത്തിയിട്ടും അവിടെനിന്ന് മാറിയില്ല. തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ബി.കെ.സുനിൽകൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.  ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസ് അനിയന്ത്രിതമായി നീളുന്നതിലുള്ള പ്രതിഷേധം സൂചിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ജഡ്ജി ജി ആർ ബിൽകുലിന്റെ കാറാണ് തകർത്തത്. 

ഇയാളും ഭാര്യയുമായുള്ള വിവാഹ മോചന ഹര്‍ജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലായിരുന്നു. നേരത്തേ, പത്തനംതിട്ട കുടുംബ കോടതിയിലാണ് ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈക്കോടതിയിൽനിന്നു പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 21ന് കേസ് തിരുവല്ല കുടുംബ കോടതിയിലേക്കു മാറ്റുകയായിരുന്നു. മം​ഗലാപുരത്ത് താമസിക്കുന്ന ഇയാൾ കേസ് പരി​ഗണിക്കുന്ന ദിവസങ്ങളിൽ മം​ഗലാപുരത്തുനിന്ന് വരികയാണ് പതിവ്. കേസ് മാറ്റിവച്ചതാകാം ഇയാളെ പ്രകോപിതനാക്കിയത് എന്നാണ് കരുതുന്നത്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ ഭാര്യ അടൂർ കടമ്പനാട് സ്വദേശിനിയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com