മകളുടെ വിവാഹ പന്തലില്‍ അച്ഛന്റെ മൃതദേഹം; വിങ്ങിപ്പൊട്ടി നാട്, രാജന്റെ സംസ്‌കാരം നടത്തി

മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിച്ചു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് നാലരയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച വൈകിട്ട് 3.15ഓടെയാണ് മൃതദേഹം കല്ലമ്പലം വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ചത്. 

മകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ രാജന്റെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. നടുക്കുന്ന കൊലപാതക വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ വന്‍ ജനാവലിയാണ് വടശ്ശേരിക്കോണത്തെ വീട്ടിലെത്തിയത്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജനാണ് മകളുടെ വിവാഹദിവസം വിവാഹപന്തലില്‍വെച്ച് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. മകളെയും ബന്ധുക്കളെയും ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ രാജനെ നാലംഗസംഘം മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ തല്‍ക്ഷണം മരിച്ചു.

ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് രാത്രി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. വിവാഹ തലേന്നത്തെ സത്കാരം കഴിഞ്ഞ് ആളുകള്‍ പോയ സമയത്താണ് ഇവര്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ രാജുവിനെ ആക്രമിക്കുകയായിരുന്നു. 


പ്രതികള്‍ കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ പറഞ്ഞു. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com