ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്
അപകടത്തിൽപ്പെട്ട ബസ്/ടിവി ദൃശ്യം
അപകടത്തിൽപ്പെട്ട ബസ്/ടിവി ദൃശ്യം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് മറിഞ്ഞത്. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.

മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പുറത്തെടുത്ത എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ പറഞ്ഞു. 

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പ്രദേശത്തെ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ വകുപ്പുകളുടേയും ഏകോപനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 

അതേസമയം മറിഞ്ഞ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്. വളവു തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com