യുഎഇയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ല, ഉദ്യോ​ഗസ്ഥരെ അയക്കാൻ സർക്കാർ

കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതോടെ ഉദ്യോ​ഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരി​ഗണനയിലാണ്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം അനുമതി നിഷേധിച്ചത്. 

അതേസമയം കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. 

മെയ് ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ, മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്ത്രാലയം കേരളത്തെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com