എഐ ക്യാമറ ഇടപാടില്‍ 164 കോടിയുടെ തട്ടിപ്പ്; പ്രസാഡിയോയുടെ വളര്‍ച്ച അത്ഭുതകരം; ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു: ചെന്നിത്തല

എസ്ആര്‍ഐടിക്ക് കരാര്‍ ലഭിക്കാന്‍ എന്തു മുന്‍പരിചയമാണ് ഉള്ളതെന്ന ചോദ്യത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ 164 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 68 കോടിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ലൈറ്റ് മാസ്റ്റര്‍ എംഡി വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷം വസ്തുതകള്‍ പുറത്തുപറഞ്ഞത്. ഇതൊന്നും എകെ ബാലന്‍ കണ്ടില്ലേ?. ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ എകെ ബാലന് ഉത്തരവാദിത്തമുണ്ടാകും. പക്ഷെ കണ്ണടച്ച് ഇരുട്ടാക്കരുത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ നിയമലംഘനത്തിന്റെ പേരില്‍ വന്‍തോതില്‍ പിഴ ചുമത്തി, അത് സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുന്നത്. 232 കോടിയുടെ പദ്ധതി 68 കോടി രൂപയ്ക്ക് തീരുമെന്നാണ് ലൈറ്റ് മാസ്റ്റര്‍ എംഡി ജെയിംസ് പറഞ്ഞത്. 

എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ ക്രമവിരുദ്ധമായിട്ടാണ് ലഭിച്ചത്. എസ്ആര്‍ഐടിക്ക് കരാര്‍ ലഭിക്കാന്‍ എന്തു മുന്‍പരിചയമാണ് ഉള്ളതെന്ന ചോദ്യത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എസ്ആര്‍ഐടിയോടൊപ്പം മത്സരിച്ച അശോക, അക്ഷര എന്നീ കമ്പനികള്‍ പരസ്പരം കൂട്ടുകച്ചവടം നടത്തി ടെന്‍ഡര്‍ അടിച്ചെടുത്തെന്ന പ്രതിപക്ഷത്തിന്റെ വാദവും ആരും നിഷേധിച്ചിട്ടില്ല. 

ക്യാമറ പദ്ധതി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിഭാവനം ചെയ്തപ്പോല്‍ ബൂട്ട് സ്‌കീമിലായിരുന്നുവെങ്കില്‍, പിന്നീടത് ആന്യൂറ്റി സ്‌കീമിലേക്ക് ആരുമറിയാതെ മാറ്റി. ആരാണത് മാറ്റിയത്?. സര്‍ക്കാര്‍ അറിയാതെയാണോ അത് മാറ്റിയതെന്ന് ചെന്നിത്തല ചോദിച്ചു. കെല്‍ട്രോണ്‍ സ്വമേധയാ മാറ്റിയതാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. കോര്‍ ഏരിയകളില്‍ ഒരു കാരണവശാലും ഉപകരാര്‍ കൊടുക്കരുതെന്ന ടെന്‍ഡര്‍ കരാറിലെ നിര്‍ദേശം ലംഘിച്ചുവെന്നതും പകല്‍പോലെ വ്യക്തമാണ്. 

ടെന്‍ഡറില്‍ പങ്കെടുക്കാത്ത പ്രസാഡിയോ കമ്പനിക്ക് കെല്‍ട്രോണിന്റെ എഗ്രിമെന്റില്‍ ഉപകരാറുകാരനാക്കി മാറ്റി. പ്രസാഡിയോ കമ്പനിയുടെ ഒരു ഡയറക്ടറാണ് രാംജിത്ത്. പ്രസാഡിയോ കമ്പനിയില്‍ 99 ശതമാനം മുതല്‍ മുടക്കുള്ള, മറ്റൊരു ഡയറക്ടറായ പത്തനംതിട്ടക്കാരനായ സുരേന്ദ്രകുമാര്‍ സിപിഎമ്മിന്റെ ഏറ്റവും അടുത്ത സഹയാത്രികനാണ്. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധവും പുറത്തു വന്നിട്ടുള്ളതാണ്. 

പ്രസാഡിയോ ഇന്ന് അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കമ്പനി നാലു വര്‍ഷം കൊണ്ട് ബിസിനസില്‍ 500 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് അവര്‍ തന്നെ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ കണക്ക്. രാജ്യത്ത് മുമ്പ് കേന്ദ്രമന്ത്രി അമിത്ഷായുടെ മകന്റെ കമ്പനിക്ക് 900 കോടിയുടെ വര്‍ധനവ് പെട്ടെന്നുണ്ടായിരുന്നു. ഇതിന് സമാനമായ വര്‍ധനവാണ് പ്രസാഡിയോ കമ്പനിക്കും പെട്ടെന്ന് ഉണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ പ്രധാനപ്പെട്ട കരാറുകളെല്ലാം പ്രസാഡിയോയ്ക്ക് കിട്ടുന്നതെങ്ങനെയാണ്?. ഉപകരാര്‍ കിട്ടുന്നതെങ്ങനെയാണ്?. ഇതു പരിശോധിക്കേണ്ട വിഷയമാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ ക്യാമറ ഘടിപ്പിക്കുന്നതിനുള്ള കരാര്‍ ലഭിച്ചതും പ്രസാഡിയോയ്ക്കാണ്. ഉപകരാര്‍ മാറി മാറി വന്നതൊന്നും എകെ ബാലന്‍ അറിഞ്ഞില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. അല്‍ഹിന്ദ്, ലൈറ്റ് മാസ്റ്റര്‍ തുടങ്ങിയ കമ്പനികള്‍ വന്നതും അവരെല്ലാം മാറിപ്പോയതുമൊന്നും ബാലന്‍ അറിഞ്ഞില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. 

232 കോടിക്ക് വിഭാവനം ചെയ്ത പദ്ധതിയില്‍ 164 കോടിയുടെ വെട്ടിപ്പാണ് വ്യക്തമായി തെളിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ അഴിമതി പ്രതിപക്ഷം പുറത്തു കൊണ്ടു വന്നിട്ടും ആരും മറുപടി പറയുന്നില്ല. റിട്ടയര്‍ ചെയ്ത ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. അല്ലാതെ എഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com