'പൊലീസ് നൂറുപേരെ ഇടിച്ചിടുന്ന സൂപ്പർ ഹീറോയൊന്നും ആകേണ്ട, പക്ഷേ...'

ഡോക്ടര്‍ വന്ദനയെ പ്രതി സന്ദീപ് ആക്രമിച്ചപ്പോള്‍, അക്രമിയെ കീഴ്‌പ്പെടുത്താന്‍ പോലും പൊലീസിന് കഴിഞ്ഞില്ല
വന്ദനയുടെ സഹപാഠികളുടെ വാർത്താസമ്മേളനത്തിൽ നിന്ന്/ ടിവിദൃശ്യം
വന്ദനയുടെ സഹപാഠികളുടെ വാർത്താസമ്മേളനത്തിൽ നിന്ന്/ ടിവിദൃശ്യം

തിരുവനന്തപുരം: ഡോ. വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലയെന്ന് സഹപാഠികള്‍. പ്രതി ബോധപൂര്‍വമാണ് കൊല നടത്തിയത്. മാനസിക നില തെറ്റിയ ആള്‍ കത്രിക ഒളിപ്പിച്ചു പിടിക്കാന്‍ ശ്രമിക്കില്ല. ആക്രമണത്തിന് ശേഷം പ്രതി സന്ദീപ് കത്രിക കഴുകി വെച്ചതും ബോധമുള്ളതുകൊണ്ടാണെന്ന് വന്ദനയുടെ സഹപാഠികള്‍ ആരോപിച്ചു. 

വന്ദനയെ കൊലപ്പെടുത്തിയ പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കണം. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കണം. വന്ദനയ്ക്ക് നീതി ലഭ്യമാക്കണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഒരു ബ്ലോക്കിന് വന്ദനയുടെ പേരു നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ പേരു നല്‍കിയാല്‍ വന്ദനയുടെ മാതാപിതാക്കളുടെ കണ്ണീരിന് മറുപടിയായോ. അതോടെ പ്രശ്‌നമെല്ലാം തീര്‍ന്നോയെന്നും അവര്‍ ചോദിച്ചു. 

പ്രാഥമിക ചികിത്സ കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ വന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൊട്ടാരക്കര ആശുപത്രിയില്‍ അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഡോക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെ ചെല്ലുമ്പോഴേക്കും വന്ദനയുടെ ഓക്‌സിജന്‍ ലെവലും ബ്രെയിന്‍ ഫങ്ഷനും വളരെ താഴെയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. 

ആശുപത്രികളിലെ അപര്യാപ്തതകള്‍ക്ക് താഴേത്തട്ടിലുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്താണ് കാര്യം. ഇത് സിസ്റ്റത്തിന്റെ തകരാര്‍ ആണെന്ന് കുട്ടികള്‍ പറയുന്നു. ഇതുതന്നെയാണ് കോടതി ചോദിച്ചത്. ഇതെല്ലാം നടപ്പാക്കേണ്ടത് ആരാണെന്ന് സഹപാഠികള്‍ ചോദിച്ചു. ഒട്ടേറെ ജീവന്‍ രക്ഷിക്കേണ്ട ഡോക്ടറിനാണ് ഈ അവസ്ഥ ഉണ്ടായതെന്നും സഹപാഠികള്‍ പറയുന്നു. 

ഞങ്ങളെ പഠിപ്പിക്കുന്നത് അടിക്കാനല്ല. അടിതട അല്ല, രോഗികളെ ശുശ്രൂഷിക്കാനാണ് പഠിപ്പിക്കുന്നത്. വന്ദന വളരെ സൗമ്യശീലയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ പകച്ചുപോയി. ചെറുപ്പം മുതലേ അടിപിടി ഉണ്ടാക്കി ശീലിച്ചവര്‍ക്കും തിരിച്ചടിച്ചു ശീലിച്ചവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായി എന്നു വരില്ല. ഓടി ഒളിക്കുന്ന കഴിവും പെട്ടെന്ന് ഉണ്ടാകണമെന്നില്ലെന്ന് സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു. 

ഡോക്ടര്‍ വന്ദനയെ പ്രതി സന്ദീപ് ആക്രമിച്ചപ്പോള്‍, അക്രമിയെ കീഴ്‌പ്പെടുത്താന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. ജീവന്‍രക്ഷിക്കാന്‍ ഓടേണ്ട അവസ്ഥയിലായിരുന്നു പൊലീസെന്ന് ഡോക്ടര്‍ നാദിയ പറഞ്ഞു. കുത്തേറ്റു കിടന്ന വന്ദനയെ പുറത്തേക്ക് കൊണ്ടുവരാന്‍ പോലും പൊലീസോ മറ്റോ ഉണ്ടായിരുന്നില്ല. ആശുപത്രിയിലുള്ള ഒരു ഡോക്ടറാണ് വന്ദനയെ പുറത്തെത്തിച്ചത്. 

നൂറുപേരെ ഇടിച്ചിടാന്‍ കെല്‍പ്പുള്ള പോലെ പൊലീസുകാര്‍ സൂപ്പര്‍ ഹീറോകളാകണം എന്നൊന്നും പറയുന്നില്ല. അവരും മനുഷ്യരാണ്. പക്ഷെ അക്രമാസക്തനായ ഒരാളെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍ അവര്‍ എടുത്തില്ല. സെക്യൂരിറ്റി ജീവനക്കാരായി പല ആശുപത്രികളിലും വയസ്സായവരാണ്. പലപ്പോഴും ചികിത്സ വേണ്ടി വരുന്ന തരത്തിലുള്ളവരാണ് സെക്യൂരിറ്റി ജീവനക്കാരായി വരുന്നത്. 

ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ചെറുത്തുനില്‍ക്കുന്ന ആളായിരിക്കണം ആശുപത്രികളില്‍ സെക്യൂരിറ്റി ഓഫീസര്‍ ആകേണ്ടത്. ഇനിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഓര്‍ഡിനന്‍സ് ഡ്രാഫ്റ്റ് ചെയ്യുമ്പോള്‍ സീനിയര്‍ ഡോക്ടര്‍മാരെ മാത്രം പരിഗണിച്ചാല്‍ പോരാ. ജൂനിയര്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ അഭിപ്രായം കൂടി തേടണമെന്നും വന്ദനയുടെ സഹപാഠികള്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com