ഇനി മാസം തോറും സർചാർജ്; ജൂൺ മുതൽ വൈദ്യുതി ബിൽ 'ഷോക്കടിപ്പിക്കും'

യൂണിറ്റിന് പരമാവധി 10 പൈസ ബോർഡിന് ഈടാക്കാം. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചത്. ബോർഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ 10 പൈസയായി നിജപ്പെടുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡ്. റെ​ഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ ബോർഡിന് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങൾ കമ്മീഷൻ അന്തിമമാക്കി. ജൂൺ ഒന്നിന് നിലവിൽ വരും.

യൂണിറ്റിന് പരമാവധി 10 പൈസ ബോർഡിന് ഈടാക്കാം. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചത്. ബോർഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ 10 പൈസയായി നിജപ്പെടുത്തിയത്. 

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരുന്നത്.

ജൂൺ പകുതിയോടെ വൈദ്യുതി കൂടാനിരിക്കെയാണ് ഒന്ന് മുതൽ സർചാർജ്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് പുതിയ നീക്കം. യൂണിറ്റിന് 41 പൈസ കൂട്ടാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. 

പുതിയ ചട്ടം നിലവിൽ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒൻപതു മാസം ബാധകമാവില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒൻപതു മാസത്തെ സർചാർജ് അനുവദിക്കാൻ ബോർഡ് നേരത്തേ കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ട്.

ആദ്യത്തെ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയും വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളിൽ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല. ചട്ടം മാറ്റിയതിനു മുമ്പുള്ള അപേക്ഷയായതിനാൽ പഴയചട്ടം അനുസരിച്ചുതന്നെ കമ്മീഷന് ഇത് അനുവദിക്കേണ്ടി വരും. ബോർഡ് സ്വമേധയാ ചുമത്തുന്ന 10 പൈസയ്ക്കൊപ്പം അതും ഈടാക്കും.

അതിനുശേഷം മാസം എത്ര രൂപ അധികച്ചെലവുണ്ടായാലും പത്ത് പൈസയേ സ്വമേധയാ ഈടാക്കാവൂ. അതിൽക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാൻ മൂന്ന് മാസത്തിലൊരിക്കൽ ബോർഡിന് കമ്മീഷനെ സമീപിക്കാം. രണ്ട് മാസത്തെ ബിൽ കാലയളവിൽ ഓരോ മാസവും വ്യത്യസ്ത നിരക്കിൽ സർചാർജ് വന്നാൽ രണ്ട് മാസത്തെ ശരാശരിയാണ് ഈടാക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com