പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  തപാല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നു; കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തല്‍. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധു ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ കവര്‍ കീറിയ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച രണ്ടാം നമ്പര്‍ ഇരുമ്പുപെട്ടിയിലെ പാക്കറ്റുകളെ കുറിച്ചാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പെട്ടിയിലുണ്ടായ ഏഴ് പാക്കറ്റുകളും പ്ലാസ്റ്റിക് ടാപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. എന്നാല്‍ പാക്കറ്റുകളില്‍ സീല്‍ ഉണ്ടായിരുന്നില്ല. നാലാം നമ്പര്‍ ടേബിളിലെ 567 പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ പാക്കറ്റുകളില്‍ പുറമെയുള്ള കവറിന്റെ രണ്ടുവശവും കീറിയ നിലയിലായിരുന്നു. ഇതില്‍ ആസാധുവായ രണ്ടുപാക്കറ്റുകളില്‍ ഒന്നിന്റെ കവര്‍ കീറിയ നിലയിലാണ്. അഞ്ചാം നമ്പര്‍ ടേബിളിലെണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങളുണ്ട്. തെരഞ്ഞെടുപ്പ് രേഖകള്‍ പ്രത്യേക സ്റ്റോര്‍ റൂമിലോ, സ്റ്റീല്‍ അലമാരയിലോ സൂക്ഷിക്കേണ്ടതാണ്. അതുണ്ടായിട്ടില്ല. രേഖകള്‍ സുരക്ഷിതമായി വയ്ക്കാത്തതിന്റെ ഉത്തരവാദിത്വം നാലു ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്ന് മുസ്ലീംലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള ഹര്‍ജി ജസ്റ്റിസ് എ ബദ്‌റുദീന്‍ ജൂണ്‍ എട്ടിന് പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com