മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായി;  ചക്രവാതച്ചുഴിയാണ് അതിശക്ത മഴയ്ക്ക് കാരണമെന്ന് മന്ത്രി കെ രാജന്‍

മഴയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു
മന്ത്രി കെ രാജൻ സംസാരിക്കുന്നു
മന്ത്രി കെ രാജൻ സംസാരിക്കുന്നു

കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി കെ രാജന്‍. തമിഴ്‌നാടിനോട് ചേര്‍ന്ന് തിരുവനന്തപുരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണം. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 

സംസ്ഥാനത്തെ മഴക്കെടുതി അവലോകനം ചെയ്യാനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നു രാത്രി കൂടി കഴിഞ്ഞാല്‍ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് പ്രവചനം. ശബരിമലയില്‍ നിലവില്‍ മഴ കുറവാണ്. ശബരിമലയില്‍ 36 എംഎം, പമ്പ അണക്കെട്ടില്‍ 39 എംഎം, കക്കി അണക്കെട്ടില്‍ 40 എംഎം എന്നിങ്ങനെയാണ് മഴ പെയ്തിട്ടുള്ളത്. 

നിലവില്‍ പമ്പ, കക്കി അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. പമ്പാ സ്‌നാനത്തിനും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം പത്തനംതിട്ട ജില്ലയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും, നിരീക്ഷണവും നിര്‍ദേശിച്ചിട്ടുണ്ട്. 

മഴയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതുകൊണ്ട് സാധാരണ നിലയിലുള്ള അവധി അല്ലാതെ, പ്രത്യേക അവധികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com