ട്രക്ക് ഡ്രൈവര്‍മാരായി കേരളത്തില്‍ എത്തും; എടിഎമ്മില്‍ നിന്ന് 'ഹൈടക് മോഷണം'; പ്രതികള്‍ പിടിയില്‍

സിസിടിവി ദൃശ്യങ്ങളും,  കോള്‍ റെക്കോര്‍ഡുകളും, ബാങ്ക് പണമിടപാട് വിവരങ്ങളും പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഹരിയാന സ്വദേശികളായ മോഷ്ടാക്കള്‍
ഹരിയാന സ്വദേശികളായ മോഷ്ടാക്കള്‍

തൃശൂര്‍: ട്രക്ക് ഡ്രൈവര്‍മാരായി  കേരളത്തിലെത്തി   എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികളെ തൃശൂര്‍ പുതുക്കാട് പൊലീസ് പിടികൂടി. എടിഎം മെഷീനുകളില്‍ തിരിമറി നടത്തി പണം മോഷ്ടിച്ചവരെയാണ് പുതുക്കാട് പൊലീസ് ഹരിയാനയില്‍ നിന്നും പിടികൂടിയത്. ഹരിയാന ഖാന്‍സാലി സ്വദേശികളായ 35 വയസുള്ള സിയാ ഉള്‍ ഹഖ്, 28 വയസുള്ള നവേദ് എന്നിവരാണ്  അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളും,  കോള്‍ റെക്കോര്‍ഡുകളും, ബാങ്ക് പണമിടപാട് വിവരങ്ങളും പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഹരിയാനയില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ നടത്തുന്ന പ്രതികള്‍ അവിടെ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ സിം കാര്‍ഡുകളും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.  

പുതുക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. സൂരജ്, എഎസ്ഐ സി.എസ് ഡെന്നീസ്, സീനിയര്‍ സിപിഒമാരായ കെ.ആര്‍. സജീവ്, പി.കെ. രതീഷ്, സിപിഒ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഹരിയാന പൊലീസിലെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിന്റെ   സഹായവും പുതുക്കാട് പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ തട്ടിപ്പ് കേസ് പ്രതികളുടെ ഇഷ്ട ഒളിത്താവളങ്ങളായ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തി മലയോര ഗ്രാമങ്ങളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഗ്രാമീണരുടെയും, ഗുണ്ടകളുടെയും സഹായത്തോടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.  രാത്രിയില്‍ തന്ത്രപരമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്.  തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com