വൈദ്യുതി വേലി സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കുക; കർഷകർക്ക് മുന്നറിയിപ്പ്

വീട്ടില്‍ നിന്നോ കാര്‍ഷിക കണക്ഷനില്‍ നിന്നോ കെഎസ്ഇബി ലൈനില്‍ നിന്നോ വേലിയിലേക്ക് വൈദ്യുതി നല്‍കരുത്
വൈദ്യുതി വേലി/ ഫെയ്സ്ബുക്ക് ചിത്രം
വൈദ്യുതി വേലി/ ഫെയ്സ്ബുക്ക് ചിത്രം

പാലക്കാട്: വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയോടെ വൈദ്യുത വേലി സ്ഥാപിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക്ക് ഫെന്‍സ് എനര്‍ജൈസര്‍ ഉപയോഗിച്ച് മാത്രമേ വൈദ്യുതി വേലി സ്ഥാപിക്കാനാകൂ. ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി മാത്രമേ ഇലക്ട്രിക്ക് ഫെന്‍സ് എനര്‍ജൈസര്‍ നല്‍കാവൂ. 

മൃഗങ്ങള്‍ കുടുങ്ങി കിടക്കാത്തവിധം വേലി ശാസ്ത്രീയമായിരിക്കണം. ലോഹ മുള്ളുവേലികള്‍ ഉപയോഗിക്കരുത്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേലിയുടെ പലഭാഗങ്ങളിലായി നല്‍കണം. വീട്ടില്‍ നിന്നോ കാര്‍ഷിക കണക്ഷനില്‍ നിന്നോ കെഎസ്ഇബി ലൈനില്‍ നിന്നോ വേലിയിലേക്ക് വൈദ്യുതി നല്‍കരുത്. 

വന്യമൃഗങ്ങളെ പിടികൂടാന്‍ വൈദ്യുതി ഉപയോഗിക്കരുത്. നിയമവിരുദ്ധമായി വേലികള്‍ നിര്‍മിച്ച് മനുഷ്യ ജീവന് വരെ അപകടം വരുത്തിവെക്കുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. 

അനധികൃത വൈദ്യുത വേലി മൂലമുള്ള അപകടങ്ങളില്‍ വൈദ്യുതി നിയമം 2003 ലെ 135 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം 304/304 എ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമുള്ള മറ്റ് ശിക്ഷാ നടപടികളും പിഴയും സ്വീകരിക്കുന്നതാണ്.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുമതി ഏങ്ങനെ നേടാം

അപേക്ഷകള്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലാണ് നല്‍കേണ്ടത്. ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്ക് ശേഷം അനുമതി ലഭിക്കും. ഗുണനിലവാരമുള്ളതും അംഗീകൃത ലാബിന്റെ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുള്ളതുമായ ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍ മാത്രമാണ് അപേക്ഷയ്ക്ക് പരിഗണിക്കുക. സംസ്ഥാന ഇലക്ട്രിസിറ്റി ലൈന്‍സിങ് ബോര്‍ഡിന്റെ അംഗീകൃത ബി ക്ലാസ്സ് കോണ്‍ട്രാക്ടറുടെ സേവനം തേടാം. അന്വേഷണങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് കാര്യാലയം, രണ്ടാം നില, നൈനാന്‍സ് കോംപ്ലക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട്, 678001. ഫോണ്‍: 0491 2972023.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com