ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദിച്ചതിന്റെ പക; കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി, ബൈക്ക് യാത്രക്കാര്‍ക്കും പരിക്ക്, അറസ്റ്റ്

അതിവേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ആലപ്പുഴ: അതിവേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബീച്ച് വാര്‍ഡ് പുന്നമൂട്ടില്‍ വീട്ടില്‍ സായന്തി (24)നെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് പൊലീസ് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

രണ്ടു സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ട് സ്റ്റേഷന്‍ പരിധിയുടെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്താണ് സംഭവമെന്നതിനാലാണ് രണ്ടു സ്റ്റേഷനുകളിലും കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കല്ലന്‍ റോഡില്‍ കലക്ടറുടെ ബംഗ്ലാവിനു സമീപമാണ് അപകടം നടന്നത്. അതിവേഗത്തില്‍ എത്തിയ ഇയാളുടെ കാര്‍ ബൈക്ക് യാത്രക്കാരെയും രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയും ഇടിച്ചുതെറിപ്പിച്ചു. ഇതില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അപകടത്തില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിലുള്ള ഡ്രൈവിങ്ങാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിനു തൊട്ടുമുന്നേ ഡ്രൈവറും ഇതരസംസ്ഥാന തൊഴിലാളികളുമായി ബീച്ചിനു സമീപം വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് മര്‍ദനവും ഏറ്റിരുന്നെന്നും പറയുന്നു. ഇതില്‍ പകതോന്നിയ ഇയാള്‍ കാറുമായി എത്തി ഇതരസംസ്ഥാന തൊഴിലാളികളെ പിന്തുടര്‍ന്ന് ഇടിച്ചിടുകയായിരുന്നു. ഈ സമയത്ത് ബൈക്ക് യാത്രക്കാരും അപകടത്തില്‍പ്പെട്ടു. അപകടമുണ്ടാക്കിയ കാര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് രാത്രിയോടെ പൊലീസ് കണ്ടെത്തിയിരുന്നു.

അപകടം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. പ്രതിയെ നോര്‍ത്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com