രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും പ്രതികള്‍; ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പുതുക്കിയ പ്രതിപ്പട്ടിക സമര്‍പ്പിച്ചു

ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക പുതുക്കിയത്
ഹര്‍ഷിനയുടെ സമരത്തില്‍ നിന്ന്
ഹര്‍ഷിനയുടെ സമരത്തില്‍ നിന്ന്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരുമാണ് പൊലീസ് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയിലുള്ളത്. 

മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ. സി കെ രമേശന്‍, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐഎംസിഎച്ചിലെ നഴ്‌സുമാരായ രഹ്ന, കെ ജി മഞ്ജു എന്നിവരാണ് യഥാക്രമം പ്രതികളായിട്ടുള്ളത്.  

കേസിലെ ഒന്നാം പ്രതി ഡോ. സി കെ രമേശന്‍ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്നു. ഡോ. ഷഹന അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറായിരുന്നു. അതിനു ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 

ഹര്‍ഷിന നല്‍കിയ പരാതിയില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. എന്നാല്‍ ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി, ഇവരെ ഒഴിവാക്കാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക പുതുക്കിയത്. 

ഹര്‍ഷിനയുടെ പ്രസവസമയത്ത് ഇവര്‍ നാലുപേരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നതിന് തെളിവു ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ഉൾപ്പെട്ട ആരോ​ഗ്യ പ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചു കഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിയിലേക്ക് കടക്കും.

മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചുമാസം കൊണ്ടാണു പൊലീസ് അന്വേഷണം നടത്തി കോടതിക്കു റിപ്പോർട്ട് നൽകുന്നത്. കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com