പൂരന​ഗരിയെ കീഴടക്കാൻ പുലിക്കൂട്ടങ്ങൾ; തൃശൂരിൽ ഇന്ന് പുലിആവേശം: ​ഗതാ​ഗത നിയന്ത്രണം

അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: വന്യതയുടെ താളത്തിൽ ചടുലമായ ചുവടുവച്ച് ഇന്ന് തൃശൂർ ന​ഗരത്തിൽ പുലി ഇറങ്ങും. അരമണി കിലുക്കി ന​ഗരം ഒന്നാകെ പുലിആവേശത്തിൽ താളം ചവിട്ടും. ഇത്തവണ ആവേശം നിറയ്ക്കാനായി പുള്ളിപ്പുലി മുതൽ ഹിമപ്പുലികൾ വരെ ഇറങ്ങുന്നുണ്ട്. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലിക്കളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. 

സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. കോർപറേഷന്റെ മാനദണ്ഡമനുസരിച്ച് ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. ആവേശമായി പെൺപുലികളും കളത്തിലിറങ്ങും. വിയ്യൂർ ദേശത്തു നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്. പുലികളിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 

പുലി വരുന്ന വഴി

സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി സംഘങ്ങൾ എംജി റോഡ് വഴിയാണ് റൗണ്ടിലേക്കു പ്രവേശിക്കുന്നത്. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും. ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തു നിന്ന് എംഒ റോഡ് വഴി വന്നു റൗണ്ടിൽ പ്രവേശിക്കും. ശേഷം ഇടത്തോട്ടു രാഗം തിയറ്ററിന്റെ ഭാഗത്തേക്കു തിരിഞ്ഞുപോകും. വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്ന് ബിനി ടൂറിസ്റ്റ് ഹോമിനു സമീപം വന്ന് ഇടത്തോട്ടു തിരിയും.

​ഗതാ​ഗത നിയന്ത്രണം

പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല. പൊതുവാഹനങ്ങൾ സ്വരാജ്‌ റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ സർക്കിളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനല്ലാതെ, തൃശൂർ നഗരത്തിലേക്ക്‌ വരുന്നത് കഴിയുന്നതും ഒഴിവാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com