ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്, മത്സരത്തിന് 48 പള്ളിയോടങ്ങൾ: പത്തനംതിട്ടയിൽ അവധി

ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ടം: ആവേശത്തിന്റെ തുഴയെറിയാൻ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് പമ്പയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി 48 പള്ളിയോടങ്ങളാണ് മത്സര രംഗത്തുള്ളത്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനിടെയാണ് വള്ളംകളിക്ക് ഒരുങ്ങുന്നത്.

ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

പമ്പയിലെ വെള്ളം കുറഞ്ഞിരിക്കുന്നതിനാൽ വള്ളംകളിയിൽ ആശങ്ക നിലനിന്നിരുന്നു. ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയിൽ മഴകനക്കുകയും ഉരുൾപൊട്ടുകയും ചെയ്തതോടെ സ്ഥിതിയിൽ മാറ്റമുണ്ടാവുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നു.

എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒമ്പത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സില്‍ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും നാല് അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ രണ്ടാം സെമിയിലും, ഏഴ്, എട്ട് ഒമ്പത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമിഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്നവ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

മന്ത്രി സജി ചെറിയാനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുക. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിളക്ക് തെളിയിക്കും. കൃഷിമന്ത്രി പി പ്രസാദ് പഞ്ചജന്യം സുവനീര്‍ പ്രകാശനം ചെയ്യും. പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്ത് വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എം എല്‍ എ സമ്മാനിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com