'താളവട്ടത്തിൽ ജ​ഗതി കുതിരയെ വിഴുങ്ങി എന്ന് പറയുന്നതു പോലെയാണ് ജയസൂര്യയുടെ ആരോപണം'; എംബി രാജേഷ്

രാഷ്ട്രീയമായ നിറം നൽകുന്നു എന്നു പറഞ്ഞാൽ ആക്രമിക്കലാകുമോ?
എംബി രാജേഷ്, ജയസൂര്യ/ ഫെയ്‌സ്‌ബുക്ക്
എംബി രാജേഷ്, ജയസൂര്യ/ ഫെയ്‌സ്‌ബുക്ക്

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ ഉന്നയിച്ച ആരോപണത്തിൽ രാഷ്‌ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്‌തതെന്ന് മന്ത്രി എംബി രാജേഷ്. വളരെ സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി പ്രസാദും പി രാജീവും ജയസൂര്യയുടെ വിമര്‍ശനം കേട്ടതും അതിനോട് പ്രതികരിച്ചതും. നടന്‍ ജോജു ജോര്‍ജിനോട് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണോ പെരുമാറിയതെന്നും രാജേഷ് ചോദിച്ചു.

എന്താണ് മന്ത്രിമാർ ജയസൂര്യയെ കടന്നാക്രമിച്ചത്? അദ്ദേഹത്തിനെതിരെ മന്ത്രിമാർ മാന്യമല്ലാത്ത ഒരു വാക്കോ വാചകമോ ഉപയോ​ഗിച്ചോ? രാഷ്ട്രീയമായ നിറം നൽകുന്നു എന്നു പറഞ്ഞാൽ ആക്രമിക്കലാകുമോ? ആർക്കും ഇടതുപക്ഷത്തെ എന്തു പറയാം. ഞങ്ങൾ രാഷ്ട്രീയമായി മറുപടി പറഞ്ഞാല്‍ അത് എങ്ങനെയാണ് ആക്രമിക്കലാകുന്നത്. 

'ആദ്യം അദ്ദേഹം പറഞ്ഞതെന്താണ്? എന്റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ ഇതിവിടെ പറഞ്ഞതെന്നുമാണ്. കൃഷ്ണപ്രസാദിന് പൈസ ജൂലൈയില്‍ തന്നെ കൊടുത്തിട്ടുണ്ട് എന്നതിന്റെ രേഖ മന്ത്രി എടുത്തുകാണിച്ചു. അപ്പോള്‍ പറയുന്നു, കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്. താളവട്ടം സിനിമയില്‍ ജഗതി കുതിരയെ വിഴുങ്ങി എന്നു പറഞ്ഞ് ചാടി നടക്കുന്നില്ല. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ സമാധാനമായി എന്ന് പറയും. കുറച്ചുകഴിഞ്ഞ് താന്‍ വിഴുങ്ങിയത് കറുത്ത കുതിരയല്ല, വെളുത്ത കുതിരയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാന്‍ തുടങ്ങും. അതുപോലെയാണ് ഇവിടേയും അപ്പപ്പോള്‍ തരാതരം പോലെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മാന്യമായ രീതിയില്‍ ഞങ്ങള്‍ തുറന്നുകാട്ടും. അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണ്. അന്തസുള്ള ഭാഷയില്‍ മന്ത്രിമാര്‍ അത് തുറന്നുകാട്ടിയിട്ടുണ്ട്. തെറ്റായിട്ട് ചിത്രീകരിച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതാകില്ല. വസ്തുനിഷ്ഠമല്ലാത്ത കാര്യം ഉന്നയിച്ചു, അതിന് മറുപടി നല്‍കി', രാജേഷ് പറഞ്ഞു

കേന്ദ്രസര്‍ക്കാരിൽ നിന്നും 637 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം നല്‍കേണ്ട പണം നമ്മള്‍ വായ്പയെടുത്ത് അഡ്വാന്‍സ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഇവിടെ ചര്‍ച്ചയാകുന്നുണ്ടോ? അതൊരു ചര്‍ച്ചാ വിഷമാകാത്തത് എന്തുകൊണ്ടാണ്? ഏതെങ്കിലും സിനിമാ താരങ്ങള്‍ കാര്യമറിയാതെ പറഞ്ഞാല്‍ അതല്ലേ ചര്‍ച്ചയാകുന്നത്? കേന്ദ്രം 637 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് നിങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചയാക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com