'മതേതരത്വം എന്ന വാക്ക് അനാവശ്യം; ഭരണഘടനയിലെ 'സെക്കുലര്‍' ജാതി രാഷ്ട്രീയം കളിക്കാന്‍ ഇന്ദിരാഗാന്ധി നടത്തിയ നീക്കം'

എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരതത്തില്‍, മതേതരത്വം എന്ന ആശയത്തിന്  എന്താണ് പ്രസക്തി?
ജെ നന്ദകുമാർ/ ചിത്രം ടിപി സൂരജ് ( ഇന്ത്യൻ എക്സ്പ്രസ്)
ജെ നന്ദകുമാർ/ ചിത്രം ടിപി സൂരജ് ( ഇന്ത്യൻ എക്സ്പ്രസ്)


കൊച്ചി: മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും നന്ദകുമാര്‍ പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാശ്ചാത്യ രാജ്യങ്ങളിലെ മാര്‍പാപ്പയുടെ ആധിപത്യത്തിനെതിരെ, മധ്യകാലഘട്ടത്തിലാണ് മതേതരത്വം എന്ന ആശയം ലോകത്തിലേക്ക് വന്നത്. 
എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരതത്തില്‍, മതേതരത്വം എന്ന ആശയത്തിന്  എന്താണ് പ്രസക്തി? അത് അനാവശ്യമാണ്. അതുകൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണ സഭ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കാതിരുന്നത്. 

'സെക്കുലര്‍' എന്ന വാക്ക് പിന്നീട് 1976-ല്‍ ആമുഖത്തില്‍ ചേര്‍ത്തു. ഭാരതത്തില്‍ ജാതി രാഷ്ട്രീയം കളിക്കാന്‍ ഇന്ദിരാഗാന്ധി ചേര്‍ത്ത ഒരു രാഷ്ട്രീയ പദമാണിത്. ഈ രാജ്യം എന്നും ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു രാഷ്ട്രമായി തന്നെ തുടരുമെന്നും ആര്‍എസ്എസ് വിശ്വസിക്കുന്നു. അതിനര്‍ത്ഥം മറ്റെല്ലാ മതവിഭാഗങ്ങളെയും വേരോടെ പിഴുതെറിയാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു എന്നല്ലെന്നും നന്ദകുമാര്‍ പറയുന്നു. 

ഹിന്ദുത്വവും ഹിന്ദുയിസവും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ഒന്നു തന്നെയാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. സ്വാമി വിവേകാനന്ദന്‍, ഡോ. എസ് രാധാകൃഷ്ണന്‍, അരബിന്ദോ മഹര്‍ഷി തുടങ്ങി ആദ്യകാലത്തെ എല്ലാ തത്വചിന്തകരും അങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതില്‍ വേര്‍തിരിവു സൃഷ്ടിക്കേണ്ട ആവശ്യം ചിലര്‍ക്ക് ഉണ്ടായതോടെയാണ്, പ്രശ്‌നം ഉടലെടുക്കുന്നതെന്നും നന്ദകുമാര്‍ പറയുന്നു. 

മോട്ടിലാല്‍ നെഹ്‌റു മുമ്പ് പറഞ്ഞത് തന്നെ കഴുതയെന്ന് വിളിച്ചാലും ഹിന്ദു എന്നു വിളിക്കരുതെന്നാണ്. അദ്ദേഹത്തിന്റെ മകനും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് താന്‍ ആകസ്മികമായി ഹിന്ദു ആയതാണ് എന്നാണ്. എതിര്‍പ്പുകളെല്ലാം നിലനില്‍ക്കുമ്പോഴും രാജ്യത്തിലെ വലിയ ഒരു വിഭാഗം ആളുകളുടെ ഉള്ളില്‍ ഹിന്ദു എന്ന വികാരം ശക്തമാകുകയാണ് ചെയ്തത്. 

ഭാരതത്തിന്റെ സംസ്‌കാരം, പാരമ്പര്യം, മൂല്യം അതിനു കൊടുക്കാവുന്ന ഒറ്റപ്പേര് എന്ന നിലയിലാണ് ഹിന്ദുയിസത്തോടോ ഹിന്ദുത്വത്തോടോ ഉള്ള അടുപ്പം വര്‍ധിച്ചത്. ഇതേത്തുടര്‍ന്നാണ് ഇതില്‍ വേര്‍തിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയത്. ഞങ്ങള്‍ ഹിന്ദുക്കള്‍, എന്നാല്‍ നിങ്ങള്‍ ഹിന്ദുത്വവാദികള്‍ എന്ന തരത്തിലുള്ള വാദം ഉയര്‍ത്തി. ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടാണ്.

ഹിന്ദുയിസം സാംസ്‌കാരികമാണ്, രാഷ്ട്രത്തിന്റെ പേരാണ്. ഹിന്ദുയിസം ശരിയാണ്, എന്നാല്‍ ഹിന്ദുത്വം ശരിയല്ല എന്നെല്ലാമാണ് വാദങ്ങള്‍. വിവേകാനന്ദന്‍ ശരിയാണ്, സവര്‍ക്കര്‍ ശരിയല്ല. ഡോ. എസ് രാധാകൃഷ്ണന്‍ ശരിയാണ്, ഗുരുജു ഗോള്‍വര്‍ക്കര്‍ ശരിയല്ല എന്നെല്ലാമായി അഭിപ്രായങ്ങള്‍. ഹിന്ദുത്വ പൊളിറ്റിക്കലും വര്‍ഗീയവുമാണെന്ന പുതിയ നിര്‍വചനവും കണ്ടുപിടിച്ചു. 

ഹിന്ദുയിസം എന്നത് രണ്ടു വാക്കുകളുടെ സംയുക്തമാണ്. ഹിന്ദു, ഇസം എന്നീ വാക്കുകളാണത്. ചിന്തിച്ചു മുഴുവനാക്കപ്പെട്ട ഒരു വിചാരത്തിന്റെ പേരാണ് ഇസം എന്നു പറയുന്നത്. അതിലേക്ക് ഒന്നും കൂട്ടിചേര്‍ക്കാനും പറ്റില്ല, ഒന്നും എടുത്തുമാറ്റാനും കഴിയില്ല. ഇതുപ്രകാരം ഹിന്ദുവിന് ഒരിക്കലും ഇസമാകാന്‍ കഴിയില്ല. ഹിന്ദു എന്നത് പ്രോസസ് ആണ്, പ്രോഡക്ട് അല്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com