'എസിയുടെ വൈദ്യുതി ആവശ്യകത ഫാനിന്റെ 15 ഇരട്ടി', ഉപയോഗം കുറയ്ക്കാം, ബില്ലില്‍ ഇളവ് നേടാം; കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദേശം 

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈകീട്ട് 6  മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം കുറച്ചാല്‍ വൈദ്യുതി ബില്ലും വലിയ തോതില്‍ കുറയ്ക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാര്‍ഗനിര്‍ദേശം ചുവടെ:

വൈകീട്ട് ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ, പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാം. ഇവയുടെ ഉപയോഗം മറ്റു സമയത്തേയ്ക്ക് ക്രമീകരിക്കുന്നത് വഴി വൈദ്യുതി ബില്‍ ലാഭിക്കാം. ഇതിന് പുറമേ ഉപകരണങ്ങളുടെ ആയുസും കൂടും

മുറിക്ക് പുറത്തിറങ്ങുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യുന്നത് ശീലമാക്കുക. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാത്തപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യുക. ടിവിയും എസിയും മറ്റും റിമോട്ട് കണ്‍ട്രോളറില്‍ മാത്രം ഓഫ് ചെയ്താല്‍ പോരാ. സ്വിച്ച് ബോര്‍ഡിലും ഓഫ് ചെയ്യണം.

എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുക. താപനില ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുമ്പോഴും 5 ശതമാനത്തോളം വൈദ്യുതി ലാഭിക്കാം. എസിയുടെ വൈദ്യുതി ആവശ്യകത ഫാനിന്റെ 15 ഇരട്ടിയോളമാണ്. എസിക്ക് പകരം ഫാന്‍ ഉപയോഗിച്ചാല്‍ വലിയ ലാഭമുണ്ടാവും.

ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി ഊര്‍ജ്ജക്ഷമതയുള്ള എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കും

റഫ്രിജറേറ്റിന്റെ ഡോര്‍ ആവശ്യത്തിന് മാത്രം തുറന്ന് ഉടന്‍ തന്നെ അടയ്ക്കുക. ചൂടായ ഭക്ഷണ സാധനങ്ങള്‍ തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. പഴകി ദ്രവിച്ച ഡോര്‍ ഗ്യാസ്‌കറ്റുകള്‍ ഉള്ളിലുള്ള തണുപ്പ് നഷ്ടപ്പെടുത്തും, വൈദ്യുതി ചെലവ് വര്‍ധിക്കാനും ഇടയാക്കും

സാധാരണ ഫാനുകള്‍ക്ക് പകരം വൈദ്യുതി ഉപയോഗം 65 ശതമാനത്തോളം കുറവുള്ള ബിഎല്‍ഡിസി ഫാനുകള്‍ ഉപയോഗിക്കുന്നതിലൂടെ വലിയ ലാഭം നേടാം. മികച്ച സ്റ്റാര്‍ റേറ്റിങ് ഉള്ള ഉപകരണങ്ങള്‍ വാങ്ങുന്നത് വൈദ്യുതി ചെലവ് കുറയ്ക്കും

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com