14കാരനെ കൊന്നത് ആസൂത്രിതമായി; പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം, പ്രതി വലയില്‍?

പൂവച്ചല്‍ പുളിങ്കോട് 14കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം ചുമത്തി.
കുട്ടിയെ വണ്ടിയിടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, പ്രതി പ്രിയരഞ്ജന്‍
കുട്ടിയെ വണ്ടിയിടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, പ്രതി പ്രിയരഞ്ജന്‍

തിരുവനന്തപുരം: പൂവച്ചല്‍ പുളിങ്കോട് 14കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലക്കുറ്റം ചുമത്തി. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി എന്‍ ഷിബു മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യത്തില്‍ നിന്ന് അസ്വാഭാവികത സംശയം തോന്നുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് കുട്ടിയുമായി മുന്‍ വൈരാഗ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതി പൊലീസ് വലയിലാട്ടുണ്ടെന്നാണ് സൂചന. 

പ്രതി പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരെ കഴിഞ്ഞദിവസം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരുന്നത്. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) ആണ് കാറിടിച്ച് മരിച്ചത്. ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ കാറോടിച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. 

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു.

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇതിനെതിരേ പ്രതികരിച്ചതാണ് വഴക്കിനും പ്രതികാരത്തിനും കാരണമായതെന്നാണ് ആരോപണം. ദുബൈയില്‍ ടാറ്റൂ സെന്റര്‍ നടത്തുന്നയാളാണ് പ്രതി.
 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com