വലുപ്പത്തിൽ ഇടുക്കി ജില്ല വീണ്ടും ഒന്നാമത്; എറണാകുളം ജില്ലയുടെ വിസ്തീർണം കുറഞ്ഞു

പാലക്കാടിനെ പിന്തള്ളിയാണ് വലുപ്പത്തിൽ ഇടുക്കി ഒന്നാം സ്ഥാനത്തെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി വീണ്ടും മാറി. പാലക്കാടിനെ പിന്തള്ളിയാണ് വലുപ്പത്തിൽ ഇടുക്കി ഒന്നാം സ്ഥാനത്തെത്തിയത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. 

ഭരണ സൗകര്യം കണക്കിലെടുത്താണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ ഭൂമി ഇടുക്കിയിലെ  ഇടമലക്കുടി പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. കൂട്ടിച്ചേര്‍ക്കലോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358ൽ നിന്നും 4612 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു. ഇതുവരെ ഒന്നാമതായിരുന്ന പാലക്കാടിന്‍റെ വിസ്തൃതി 4482 ചതുരശ്ര കിലോമീറ്ററാണ്. 

ഇടുക്കിക്ക് ഭൂമി വിട്ടുനല്‍കിയതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുനിന്നും അഞ്ചാംസ്ഥാനത്തേക്ക് താണു. 3068 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീർണം 2924 ചതുരശ്ര കിലോ മീറ്ററാണ്. വലിപ്പത്തില്‍ മൂന്നാമത് മലപ്പുറവും  (3550),  നാലാമത് തൃശൂരുമാണ്. അഞ്ചാമതായിരുന്ന തൃശൂർ (3032 ചതുരശ്ര കിലോ മീറ്റർ) നാലാം സ്ഥാനത്തേക്ക് ഉയർന്നു.

1997നു മുൻപ് ഇടുക്കി തന്നെയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. എന്നാൽ 1997 ജനുവരി 1ന് ദേവികുളം താലൂക്കിൽ നിന്നു കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്കു ചേർത്തതോടെയാണ് ഇടുക്കിയുടെ വലുപ്പം കുറഞ്ഞത്. രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് മുന്നിലെത്തി. ഇടമലക്കുടി വില്ലേജിന്റെ വിസ്തീർണം 9558.8723 ഹെക്ടറിൽ നിന്നു 22,277.3818 ഹെക്ടറായി കൂടി. പുതിയ മാറ്റത്തോടെയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com